എറണാകുളം: വയലിനിസ്‌റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ കലാഭവൻ സോബി ജോർജിന്‍റെ നുണ പരിശോധന പൂർത്തിയായി. അപകടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പറഞ്ഞതായി സോബി പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവർ. തിരിച്ചറിയുന്നതിനായി ഫോട്ടോ പരിശോധനയ്ക്ക് അടുത്തയാഴ്ച്ച സിബിഐ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ഇതൊരു ക്രൈം ആണെന്ന് സി.ബി.ഐ ഉറപ്പിച്ചിട്ടുണ്ട്. ഇനി അറസ്റ്റ് എന്നുണ്ടാകുമെന്ന് നോക്കിയാൽ മതിയെന്നും സോബി വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയത്.
ബാലഭാസ്ക്കറിന്‍റെ അപകട മരണം ആസൂത്രിത കൊലപാതകമാണെന്നും, തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അന്വേഷണ സംഘത്തോട് അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു. കൊച്ചിയിലെ സി.ബി.ഐ ഓഫിസിൽ വച്ചാണ് പരിശോധന നടത്തിയത്. ചെന്നൈയിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നുണ പരിശോധനയിലൂടെ ഈ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലഭാസ്ക്കറിന്‍റെ മാനേജറായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം ഡ്രൈവർ അർജുൻ എന്നിവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.