എറണാകുളം : ലീഗ് നേതാക്കൾക്കെതിരായ കള്ളപ്പണ ഇടപാട് ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്‍റെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽവച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. വ്യാഴാഴ്‌ച രാവിലെ 10.45 ഓടെയാണ് തന്‍റെ ഔദ്യോഗിക കാറില്‍ കെ.ടി ജലീൽ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്.
തെളിവുകൾ കൈമാറിയേക്കും
നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജലീലിനെ ഇ.ഡി.വിളിപ്പിച്ചത്. ലീഗ് നേതാക്കൾക്കെതിരായ കള്ളപ്പണ ഇടപാടിന്‍റെ രേഖകളും തെളിവുകളും കെ.ടി ജലീൽ ഇഡിക്ക് കൈമാറുമെന്നാണ് സൂചന. ലീഗ് നേതാക്കളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ തെളിവ് തന്‍റെ കയ്യിലുണ്ടെന്ന് കെ.ടി ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
'എ ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണം'
എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. എ ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീൽ ആരോപിച്ചിരുന്നു. എ.ആർ നഗർ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെയും ജലീൽ വിമർശനമുയർത്തിയിട്ടുണ്ട്.
ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്‌ദരേഖ പുറത്തുവിട്ടാൽ അതോടെ അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ മുന്നറിയിപ്പ് നൽകിയിരുന്നു.
'പാണക്കാട് തങ്ങൾ കുടുംബത്തെയും കുഴിയിൽ ചാടിച്ചു'
മുസ്ലിം ലീഗിനെയും പാര്‍ട്ടിയുടെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി.കെ.കുഞ്ഞാലിക്കുട്ടി മാറ്റി. പാണക്കാട് തങ്ങൾ കുടുംബത്തെയും കുഴിയിൽ ചാടിച്ചെന്നും ജലീല്‍ ആരോപിച്ചു. ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെ ഇ.ഡി നോട്ടിസയച്ചതിന്‍റെ വിശദാംശങ്ങളും ജലീല്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. നോട്ടുനിരോധന കാലയളവിൽ ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ പത്ത് കോടി നിക്ഷേപിച്ച്, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നിലവിൽ ഇ.ഡി. അന്വേഷണം നടക്കുന്നുണ്ട്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഇ.ഡി. കേസ് ഏറ്റെടുത്തത്. ഇതിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നും നേരത്തെ ഇ.ഡി മൊഴിയെടുത്തത്. ഇതിന്‍റെയെല്ലാം തുടർച്ചയായാണ് സാക്ഷിയെന്ന നിലയിൽ കെ.ടി.ജലീലിനോടും വിവരങ്ങള്‍ തേടുന്നത്.