എറണാകുളം : മതനിന്ദാക്കേസിൽ സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്‌ണരാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കൃഷ്‌ണരാജ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ താൻ കുറ്റക്കാരനാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ഇത് ജീവന് ഭീഷണിയാണെന്നുമായിരുന്നു കൃഷ്‌ണരാജിന്‍റെ വാദം.
ഉദയ്‌പൂർ സംഭവം ഉൾപ്പടെ ചൂണ്ടിക്കാണിച്ചാണ് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. തനിക്കെതിരെ നിയമസഭയിൽ ഉൾപ്പടെ വിമർശനമുണ്ടായതായും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൃഷ്‌ണരാജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് ഡയറി ഉൾപ്പടെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ അനൂപിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കൃഷ്‌ണരാജിനെതിരെ കേസെടുത്തത്.
താടിവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്‌ണരാജ് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരായ പരാതിയിൽ ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. 'കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നു' എന്ന് പരാമര്‍ശിച്ച് ബസ് ഡ്രൈവറെ രൂപത്തിന്‍റെയും വേഷത്തിന്‍റെയും പേരില്‍ മതപരമായി അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്.