എറണാകുളം: കൊച്ചിയിൽ എം.ഡി.എം.എ മയക്കുമരുന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി. മഹസർ എഴുതിയതിലും, കേസ് റജിസ്റ്റർ ചെയ്തതിലും വീഴ്ച വരുത്തിയ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ശങ്കറിനെ സസ്പെൻഡ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വിനോജിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റി.
മൂന്ന് എക്സൈസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥരെ എറണാകുളം ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിട്ടുണ്ട്. അഡീഷണൽ എക്സൈസ് കമ്മിഷണർ അബ്ദുൽ റാഷി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എക്സൈസ് കമ്മിഷണർ നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വലിയ വീഴ്ച സംഭവിച്ചെന്നാണ് എക്സൈസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിലുള്ളത്.
നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും കേസ് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയോ നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ലന്നും റിപ്പോർട്ടിലുണ്ട്. വകുപ്പ് തല അന്വേഷണത്തിനും ശുപാർശയുണ്ട്.
കേസിലെ രണ്ട് പ്രതികളെ ഒഴിവാക്കി, ലഹരി മരുന്നും ഒഴിവാക്കി
അഡീഷണൽ എക്സൈസ് കമ്മിഷണർ കൊച്ചിയിലെത്തി ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. കേസിലെ രണ്ട് പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് ഒഴിവാക്കിയും കേസ് അട്ടിമറിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നാണ് ആരോപണം. ഫ്ലാറ്റിലുണ്ടായിരുന്ന മാൻ കൊമ്പ്, മൊബൈൽ ഫോണുകൾ, രണ്ട് വിദേശ ഇനം നായകൾ, കണ്ടെത്തിയ പണം എന്നിവയും മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.
Also: ലഹരിമരുന്ന് സംഘത്തില്‍ നിന്നും പിടിച്ച മാന്‍കൊമ്പ് ഏറ്റെടുത്ത് വനം വകുപ്പ്
പ്രതികളിൽ നിന്ന് 84 ഗ്രാം എം.ഡി.എ പിടിച്ചെടുത്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ആരെയും പ്രതിചേർക്കാത്തതും കേസ് അട്ടിമറിയെന്ന ആരോപണത്തിനിടയാക്കിയിരുന്നു. മയക്കുമരുന്ന് കേസ് അട്ടിമറി ആരോപണമുയർന്നതിന് ശേഷമായിരുന്നു പ്രതികളിൽ നിന്ന് പിടികൂടിയ മാൻ കൊമ്പിനെ കുറിച്ച് വനം വകുപ്പിനെ എക്സൈസ് അറിയിച്ചത്. ഇത് പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.
Also: ലഹരിമരുന്ന് കേസ് അട്ടിമറി : അന്വേഷണമാരംഭിച്ച് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ