കൊച്ചി: മലയാളികൾക്ക് കൂടുതൽ പരിചിതമല്ലാത്ത റിസൈൻ ത്രീഡി ആർട്ട് വർക്കുകളാണ് ഐശ്വര്യയെന്ന യുവ ചിത്രകാരി പരിചയപ്പെടുത്തുന്നത്. യൂട്യൂബിൽ കണ്ടാണ് ഈ കൊച്ചു മിടുക്കി റിസൈൻ ത്രീഡി ആർട്ട് വർക്ക് പഠിച്ചത്. ആദ്യമായി ചെയ്ത ചിത്രത്തിന് തന്നെ നല്ല പ്രതികരണം ലഭിച്ചു. അതോടെ ഒരു വർഷത്തിനുള്ളിൽ 50 ലേറെ ത്രീഡി ചിത്രങ്ങൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ്.
മൈ ഷാഡോ ഇൻ സാൻഡ് എന്ന പേരിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമുദ്രങ്ങളുടെ ദൃശ്യഭംഗി അനാവരണം ചെയ്യുന്ന മനോഹരമായ നിരവധി ചിത്രങ്ങളായിരുന്നു പ്രദർശനത്തിന്റെ പ്രത്യേകത. കടൽതീരത്തെ പാറക്കല്ലുകളിൽ തട്ടി ചിതറുന്ന തിരമാലയുടെ ത്രീഡി വർക്കുകൾ കണ്മുന്നിൽ എന്നപോലെയാണ് കാഴ്ചക്കാരന് അനുഭവപ്പെട്ടത്. ചുമരുകളിൽ വയ്ക്കാവുന്ന എഫ് ഡി ബോർഡുകളിലും, ടേബിളിൽ വെക്കാവുന്ന സെറാമിക് ബൗളുകളിലുമാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. സന്ദർശകരിൽ ഭൂരിഭാഗവും ആദ്യമായാണ് ഇത്തരമൊരു പ്രദർശനം കണ്ടതെന്ന് ചിത്രകാരി ഐശ്വര്യ പറഞ്ഞു.
ടേബിളുകൾക്ക് മുകളിൽ നിരത്തിവെച്ച സെറാമിക് ബൗളിൽ മത്സ്യങ്ങളും, പവിഴപ്പുറ്റുകളും, ചിത്രശലഭങ്ങളും ജീവൻ തുടിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഒറ്റനോട്ടത്തിൽ ഇവ വെള്ളത്തിൽ പൊങ്ങി നിൽക്കുകയാണന്നാണ് എല്ലാവർക്കും തോന്നുക. ഗൃഹാലങ്കാരത്തിന് വേണ്ടി ഇത്തരം ത്രീഡി വർക്കുകൾ ഉപയോഗിക്കുന്നതിലെ വിപണി സാധ്യതയും ചിത്രകാരി കാണുന്നുണ്ട്. ത്രീഡി വർക്കുകളുടെ പ്രദർശനത്തോടൊപ്പം ഇവയുടെ വിൽപ്പനയും ഇവർ ലക്ഷ്യമിടുന്നു