എറണാകുളം: നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയ തന്ത്രം പാളിയെങ്കിലും എറണാകുളം ജില്ലയിൽ ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് ട്വന്‍റി ട്വന്‍റി. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ അഞ്ചിടത്ത് പത്ത് ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നേടാൻ സംഘടനയ്ക്ക് കഴിഞ്ഞു. ഇതാകട്ടെ ഇടതു വലതു മുന്നണികളുടെ ജില്ലയിലെ ജയപരാജയങ്ങളിൽ നിർണായകമായി.
വലിയ സ്വാധീനമുള്ള കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്‍റി ട്വന്‍റി വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. 42,701 വോട്ടുകളാണ് കുന്നത്തുനാട്ടിൽ മത്സരിച്ച സുജിത്ത് സുരേന്ദ്രൻ നേടിയത്. ഈ മണ്ഡലത്തിൽ 27.73 ശതമാനം വോട്ട് ട്വന്‍റി ട്വന്‍റി നേടിയത് പ്രതികൂലമായി ബാധിച്ചത് ഐക്യ ജനാധിപത്യ മുന്നണിയെയാണ്. കുന്നത്തുനാട് മണ്ഡലം ഇടത് മുന്നണിക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞത് ട്വന്‍റി ട്വന്‍റി പിടിച്ച വോട്ടുകൾ കാരണമാണ്. പെരുമ്പാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എൽദോസിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറയുന്നതിനും ട്വന്‍റി ട്വന്‍റി നേടിയ വോട്ടുകൾ കാരണമായി. ഈ മണ്ഡലത്തിൽ 14.25 ശതമാനം വോട്ടുകളാണ് ട്വന്‍റി ട്വന്‍റി നേടിയത്.
കൂടുതല്‍ വായനയ്‌ക്ക്: നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍ ; പത്തുപേരും ഭരണപക്ഷത്ത്
കൊച്ചി മണ്ഡലത്തിൽ ഇടതുമുന്നണിയുടെ കെ.ജെ മാക്സി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിലും ട്വന്‍റി ട്വന്‍റിയുടെ സ്വാധീനം പ്രകടമാണ്. 15.35 ശതമാനം വോട്ടുകളാണ് കൊച്ചി മണ്ഡലത്തിൽ ട്വന്‍റി ട്വന്‍റി നേടിയത്. വൈപ്പിൻ മണ്ഡലത്തിൽ 12.84 ശതമാനം വോട്ടും ട്വന്‍റി ട്വന്‍റി നേടിയിട്ടുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ 10.23 ശതമാനം വോട്ടുകളാണ് നേടിയത്. മൂവാറ്റുപുഴ, എറണാകുളം, കോതമംഗലം മണ്ഡലങ്ങളിലാണ് ട്വന്‍റി ട്വന്‍റിക്ക് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതെ പോയത്.
കൂടുതല്‍ വായനയ്‌ക്ക്: വോട്ടുകച്ചവടം : ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പൻ
അതേസമയം എറണാകുളം ജില്ലയിൽ ശക്തമായ സ്വാധീനമുള്ള, അഞ്ച് പഞ്ചായത്തുകൾ ഭരിക്കുന്ന, സംഘടനയുടെ രാഷ്ട്രീയ ഇടപെടലുകൾ ഇനിയും തുടരുമെന്നാണ് വിലയിരുത്തപെടുന്നത്. ഇടത് വലത് മുന്നണികൾ ഒരുമിച്ച് ട്വന്‍റി ട്വന്‍റിയെ എതിർത്തിരുന്നു. അരാഷ്ട്രീയവൽക്കരണം, രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് വൽക്കരണം തുടങ്ങിയ ആരോപണങ്ങൾക്കിടയിലും എട്ട് മണ്ഡലങ്ങളിലെ 1,45,664 പേരുടെ വോട്ടുകൾ ട്വന്‍റി ട്വന്‍റി നേടിയെന്നതും ശ്രദ്ധേയമാണ്.