കണ്ണൂർ: നാനൂറ് വർഷം മുൻപുള്ളൊരു കഥയാണ്. കണ്ണൂർ ജില്ലയിലെ തോട്ടട കിഴുന്നപ്പാറയില്‍ ഗണപതി ക്ഷേത്രം നിർമിക്കാനായി കുറ്റിയടിച്ചു. ക്ഷേത്ര നിർമാണത്തിനായി തൊട്ടടുത്ത ദിവസം എത്തിയപ്പോൾ കുറ്റി കാണാനില്ല. പകരം അവിടെ കണ്ടത് ഉറുമ്പിൻ കൂട്.
ഭക്തിയും വിശ്വാസവും ഇഴചേരുന്ന, ഇന്ത്യയില്‍ തന്നെ അപൂര്‍വ ക്ഷേത്രങ്ങളിലൊന്നായ ഉറുമ്പച്ചൻ കോട്ടം ക്ഷേത്രം അവിടെ ഉയരുന്നതങ്ങനെയാണ്. ഐതിഹ്യത്തിന്‍റെ അകമ്പടി പേറുന്ന ഉറുമ്പുകളെ ആരാധിക്കുന്ന ക്ഷേത്രം.
പരമ്പരാഗത ക്ഷേത്ര മാതൃകയില്‍ നിന്ന് വ്യത്യസ്ഥമായി ഉറുമ്പച്ചൻ കോട്ടം എന്നെഴുതിയ വൃത്താകൃതിയിലുള്ള ഒരു തറയാണ് ഇവിടെ ക്ഷേത്ര സങ്കല്‍പ്പം. എല്ലാ മലയാള മാസവും സംക്രമ ദിവസം ക്ഷേത്രത്തില്‍ പൂജയുണ്ട്. ചാലിയ സമുദായത്തിന്‍റെ പ്രധാന ആരാധന ക്ഷേത്രം കൂടിയാണിത്.
ഉറുമ്പുകൾക്ക് തേങ്ങ ഉടയ്ക്കലാണ് പ്രധാന വഴിപാട്. തേങ്ങ ക്ഷേത്രത്തിന്‍റെ തറയില്‍ ഉടച്ച് വെള്ളം തറയിലൊഴുക്കി, ശേഷം പ്രസാദം വിതരണം ചെയ്യും. ആ പ്രസാദം ഉറുമ്പുകളില്‍ നിന്ന് വീടുകളെ സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ ഭക്തർ വീടുകളിലേക്ക് മടങ്ങും.