കണ്ണൂർ: കരിവെള്ളൂർ ബസാറിന് സമീപം ദേശീയ പാതയ്ക്കായി റോഡ് ഇടിച്ച് താഴ്ത്തിയതിനെത്തുടർന്ന് വെട്ടിലായി വ്യാപാരികളും നാട്ടുകാരും. മഴയിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളം മുറിച്ചു കടന്നു മാത്രമേ ഈ ഭാഗത്തെ കടകളിലേക്ക് ആർക്കും പ്രവേശിക്കാനാകൂ. മഴ ശക്തമായാൽ സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടി വരും എന്നതാണ് അവസ്ഥ.
കരിവെള്ളൂർ രക്തസാക്ഷി സ്‌മാരകം മുതലുള്ള ചരിവിലെ വെള്ളം മുഴുവൻ കുത്തിയൊഴുകി ബസാറിൻ്റെ താഴ്ന്ന ഭാഗത്തെത്തി കെട്ടി നിൽക്കുകയാണ്. നിർമ്മാണ സമയത്ത് കൃത്യമായ ഡ്രെയ്നേജ് സംവിധാനങ്ങളൊരുക്കാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. മഴ കനക്കുന്നതിന് മുൻപ് എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.