കണ്ണൂർ: റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മൂന്നു പേരെ കൊവിഡ് സെന്‍ററിലേക്കയച്ചു. ന്യൂമാഹിയില്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ പെരിങ്ങാടി സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. കടകളും വര്‍ക്‌ഷോപ്പും തുറന്നിട്ടുണ്ടോയെന്ന് എന്നറിയാന്‍ പുറത്തിറങ്ങിയവരെയാണ് താണയിലെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയത്.
ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണിലും ഏഴ് തദ്ദേശ സ്ഥാപനങ്ങള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. റെഡ് സോണില്‍ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള കടകളൊന്നും തുറക്കരുതെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നുമാണ് നിയമം. ഇത് ലംഘിച്ച് വീടിനു പുറത്തിറങ്ങിയതാണ് യുവാക്കള്‍ക്ക് വിനയായത്.
വൈറസ് വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.