കണ്ണൂര്‍: കൊവിഡ് ബാധിതയായ 21കാരി കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ സിസേറിയന്‍ വഴി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. കൊവിഡ് പോസിറ്റീവായ ശേഷം പ്രസവിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് മെഡിക്കല്‍ കോളജ് അധികൃർ പറഞ്ഞു. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ സ്വദേശിനിയായ ആദിവാസി യുവതിയാണ് പ്രസവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.10 നാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. പ്രശസ്ത പ്രസവ-സ്ത്രീരോഗ വിദഗ്ധനായ ഡോ.എസ്.അജിത്തിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിലെ ഡോ.ശബ്‌നമാണ് ശസ്ത്രക്രിയ നടത്തിയത്.
പത്ത് ദിവസത്തോളം കണ്ണൂര്‍ ഗവണ്‍മെന്‍റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഇവരെ കഴിഞ്ഞ 20 നാണ് കൊവിഡ് സംശയത്തില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് കൊവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നത്. അന്ന് രാത്രി തന്നെ രക്തസമ്മര്‍ദ്ദം കൂടിയതോടെ ഉടന്‍ ശസത്രക്രിയ നടത്തുകയായിരുന്നു. 2.24 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കുട്ടിയെ അമ്മയുടെ അടുത്ത് നിന്നും മാറ്റി മുലപ്പാലിന് പകരമുള്ള ഫോര്‍മുല മരുന്നുകള്‍ നല്‍കിവരികയാണ്. മൂന്ന് ദിവസത്തിന് ശേഷം കുട്ടിയുടെ സ്രവം എടുത്ത് വൈറോളജി പരിശോധനകള്‍ നടത്തുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.