കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തിപ്പെട്ടിട്ടും കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പ് നഗരത്തിൽ വലിയ തോതിൽ ജനങ്ങൾ ഇറങ്ങിയിരുന്നു. ശനിയാഴ്ച ഇവിടെ ജനത്തിരക്ക് നിയന്ത്രണാതീതമാവുകയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തഹസിൽദാർ സി.വി പ്രകാശൻ ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മുതൽ തളിപ്പറമ്പ് നഗരസഭ പരിധിയിൽ ഓട്ടോറിക്ഷകൾക്ക് ഒറ്റ ഇരട്ട അക്ക സമ്പ്രദായം നിലവിൽ വരികയും ചെയ്തു. ഒറ്റ അക്ക നമ്പറുള്ള ഓട്ടോറിക്ഷകളാണ് ആദ്യ ദിനമായ തിങ്കളാഴ്ച സർവീസ് നടത്തിയത്. ബുധൻ, വെള്ളി ദിവസങ്ങളാണ് ഒറ്റ അക്ക നമ്പറുള്ള ഓട്ടോകൾക്ക് സർവീസ് നടത്താൻ അനുമതിയുള്ള മറ്റു ദിവസങ്ങൾ. ഇരട്ട അക്ക നമ്പറുള്ള ഓട്ടോറിക്ഷകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ വാഹന സർവീസ് അനുവദിക്കില്ല.
അതേ സമയം നിയന്ത്രണം ഓട്ടോറിക്ഷകൾക്ക് മാത്രമായി ചുരുക്കിയ തഹസിൽദാരുടെ നടപടി പ്രഹസനമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. നിരവധി പേരാണ് തിങ്കളാഴ്ച മറ്റു വാഹനങ്ങളിൽ നഗരത്തിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ വലിയ തിരക്കാണ് തളിപ്പറമ്പിൽ അനുഭവപ്പെട്ടത്. ആലക്കോട് പരപ്പയിലെ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷോപ്പുകളെല്ലാം അടച്ചിട്ടു. ടാക്സി ഓട്ടോ സർവിസുകൾ 14 ദിവസത്തേക്ക് നിർത്തി വെക്കാനും അണുവിമുക്തമാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലെ റേഷൻ കടകൾക്ക് രാവിലെ 10 മണി മുതൽ ഒരു മണി വരെ മാത്രമേ പ്രവർത്തിക്കാന്‍ അനുമതിയുള്ളൂ.