കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഹിളാ അസോസിയേഷൻ നേതാവ് ഒ. സുഭാഗ്യത്തെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് നഗരസഭയില്‍ എല്ലാ മേഖലകളിലും ഭരണ സ്തംഭനവും ഉദ്യോഗസ്ഥ ഭരണവുമാണ് നടക്കുന്നതെന്ന് ഇടതുനേതാക്കൾ ആരോപിച്ചു. കെടുകാര്യസ്ഥത മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും ഇവർ പറഞ്ഞു.
34 വാര്‍ഡുകളിലും ശക്തമായ പേരാട്ടമായിരിക്കും ഇത്തവണ നടക്കുന്നത്. ശക്തരായ സ്ഥാനാര്‍ഥികളെയാണ് കണ്ടെത്തിയിട്ടുള്ളത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകൂടി ചേര്‍ന്നതിനാല്‍ പലവാര്‍ഡുകളിലും വിജയ പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഒരോ സീറ്റുകളില്‍ സിപിഐ, ജെഡിഎസ്, എല്‍ജെഡി എന്നിവയും മറ്റ് 31 വാര്‍ഡുകളില്‍ സിപിഎമ്മും മത്സരിക്കും. നിലവിൽ തളിപ്പറമ്പ് നഗരസഭയിൽ 11 സീറ്റുകളാണ് സിപിഎമ്മിനുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ സി പിഎം ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, ഏരിയാ സെക്രട്ടറി കെ സന്തോഷ്, പുല്ലായിക്കൊടി ചന്ദ്രന്‍, കോമത്ത് മുരളീധരന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.