കണ്ണൂർ : തളിപ്പറമ്പ് സിപിഎമ്മിലുണ്ടായ വിഭാഗീയത തെരുവിലെ ശക്തിപ്രകടനത്തിന് വഴിവച്ചതോടെ നിലപാട് വ്യക്തമാക്കി നോർത്ത് ലോക്കൽ സെക്രട്ടറി തന്നെ രംഗത്ത്. പാർട്ടി വിരുദ്ധരാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റർ പ്രചാരണങ്ങൾക്കും പ്രകടനത്തിനും പിന്നിലെന്ന് പുല്ലായിക്കൊടി ചന്ദ്രൻ ആരോപിച്ചു. എന്നാൽ മാന്ധം കുണ്ടിലെ പാർട്ടി അനുഭാവികൾ തന്നെയാണ് ഇത് ചെയ്‌തതെന്ന് വിമത വിഭാഗം തിരിച്ചടിച്ചു.
സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തതോടെയാണ് വിഭാഗീയത പോസ്റ്ററുകളായും ശക്തി പ്രകടനമായും തെരുവില്‍ പരസ്യമാക്കപ്പെട്ടത്. കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മാന്ധം കുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നു എന്നായിരുന്നു ആക്ഷേപം.
'പാർട്ടിയെ ബോധപൂർവം കരിവാരിത്തേക്കുന്നു'
സമ്മേളന കാലയളവിൽ പാർട്ടിയെ കരിവാരിത്തേക്കാനാണ് ഇത്തരക്കാരുടെ ശ്രമം. പ്രവർത്തകർക്ക് അത്തരം പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്നും ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള പാർട്ടി വിരുദ്ധരുടെ ശ്രമമാണിതെന്നും പുല്ലായിക്കൊടി ചന്ദ്രൻ പറഞ്ഞു.
'പോസ്റ്റർ പതിച്ചത് പാർട്ടി അനുഭാവികൾ തന്നെ'
എന്നാല്‍ മാന്ധം കുണ്ടിലെ അണികളോട് നേതൃത്വം കാട്ടുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധമായാണ് പോസ്റ്റര്‍ പ്രചാരണവും പ്രകടനവും നടന്നതെന്ന് വിമത വിഭാഗം വ്യക്തമാക്കി. നൂറോളം വരുന്ന പാർട്ടി അനുഭാവികൾ തന്നെയാണ് ഇതിനുപിന്നിലെന്നും കോമത്ത് മുരളീധരൻ അനുകൂലികൾ തിരിച്ചടിച്ചു.
പുല്ലായിക്കൊടി ചന്ദ്രനെ ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രാദേശിക ഘടകത്തില്‍ ചേരിതിരിവുണ്ടായത്. മുൻ ഏരിയ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരിൽ എതിർപ്പ് ശക്തമായതോടെ വിഷയത്തില്‍ സിപിഎം ജില്ല നേതൃത്വത്തിന്‍റെ ഇടപെടല്‍ നിര്‍ണായകമാകും.
READ MORE: തളിപ്പറമ്പിലെ സിപിഎം വിഭാഗീയത തെരുവിലേക്കും ; പ്രതിഷേധ പ്രകടനവുമായി വിമതവിഭാഗം