കണ്ണൂർ : തളിപ്പറമ്പ് സിപിഎമ്മില്‍ വിഭാഗീയത ശക്തമാകുന്നു. നോർത്ത് ലോക്കൽ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ തെരഞ്ഞെടുത്തതോടെയാണ് വിഭാഗീയത ശക്തമായത്. കോമത്ത് മുരളിയെ അനുകൂലിക്കുന്നവരെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നുവെന്ന മുദ്രാവാക്യം വിളിച്ച് മുരളി അനുകൂലികൾ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകളിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'മാന്ധംകുണ്ടുകാർ ചോരയും നീരും കൊടുത്ത് വളർത്തിയതാണ് പ്രസ്ഥാനം. ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ സഞ്ചിയും തൂക്കി നടക്കുന്ന ഗോർബച്ചേവിനെ അനുവദിക്കില്ല' എന്ന ഫ്ലക്‌സ് പിടിച്ചുകൊണ്ടാണ് നിരവധി സിപിഎം പ്രവർത്തകർ കഴിഞ്ഞ രാത്രി പ്രകടനം നടത്തിയത്. മാന്ധംകുണ്ട് സഖാക്കൾ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലും ദൃശ്യങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം, സിപിഐ നേതാക്കൾ കാണിച്ച ആർജവം സിപിഎം നേതാക്കൾ കാണിക്കുമോ. ഈ പാർട്ടിയുടെ രക്ഷക്കായ് - എന്നീ വാചകങ്ങളോടെ കോമ്രഡ്‌സ് ഓഫ് മാന്ധംകുണ്ട് എന്ന പേരിൽ പോസ്റ്ററുകളും കരിങ്കൊടിയും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പ്രകടനവുമായി അണികൾ രംഗത്തിറങ്ങിയത്.
സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ വ്യക്തിയാണ് ഇപ്പോൾ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രൻ. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനം നടക്കുമ്പോൾ വിഭാഗീയത നടന്നെന്നാരോപിച്ച് കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു.
തുടർന്ന് ഏരിയ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കി. ഇതോടെയാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും പ്രകടനം അടക്കം നടന്നതും.