കണ്ണൂര്‍: മൂന്ന് സീറ്റുകള്‍ കൈമറിഞ്ഞ് പോയെങ്കിലും 19 സീറ്റുകൾ നേടിയാണ് യുഡിഎഫ് വീണ്ടും തളിപ്പറമ്പ നഗരസഭയുടെ ഭരണത്തിനെത്തുന്നത്. അതേസമയം എൽഡിഎഫ് ഒരു സീറ്റും ബിജെപി രണ്ട് സീറ്റുകളും വർധിപ്പിച്ച് നില മെച്ചപ്പെടുത്തി. കീഴാറ്റൂർ വാർഡിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിച്ച വയൽക്കിളി സ്ഥാനാർഥിയെയാണ് എൽഡിഎഫ് പരാജയപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് തളിപ്പറമ്പ നഗരസഭയിൽ ബിജെപി നടത്തിയത്. സിറ്റിങ് സീറ്റായ കോടതി മൊട്ട വാർഡിൽ ഒ.സുജാതയും പാലകുളങ്ങര വാർഡിൽ കെ.വത്സരാജനും തൃച്ചംബരം വാർഡിൽ പി.വി സുരേഷും വിജയക്കൊടി പാറിച്ചു.
നഗരസഭയിലെ വിവിധ വാർഡുകളിൽ മത്സരിച്ച വിമത സ്ഥാനാർഥികൾക്ക് യാതൊരു മുൻതൂക്കവും തെരഞ്ഞെടുപ്പിൽ ലഭിച്ചില്ല. പാളയാട് വാർഡിലാണ് കനത്ത പോരാട്ടം നടന്നത്. മൂന്ന് വോട്ടിനാണ് യുഡിഎഫിന്‍റെ കല്ലിങ്കീൽ പദ്‌മനാഭൻ വിമത സ്ഥാനാർഥിയുണ്ടായിട്ടും വിജയിച്ച് കയറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച മൂന്ന് വാർഡുകൾ യുഡിഎഫിന് കൈമോശം വന്നെങ്കിലും നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി. 19 സീറ്റുകളിൽ യുഡിഎഫും 12 സീറ്റിൽ എൽഡിഎഫും മൂന്ന് സീറ്റിൽ ബിജെപിയും വിജയിച്ചു.