കണ്ണൂര്‍: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തളിപ്പറമ്പിലെ ഭൂരിഭാഗം ആരാധനാലയങ്ങളും ഒൻപതിന് തുറക്കും. പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലടക്കം ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കും. ഇതുൾപ്പെടെ ടിടികെ ദേവസ്വത്തിന് കീഴിലുള്ള 16 ക്ഷേത്രങ്ങളും തുറക്കും. സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ക്ഷേത്രങ്ങളിൽ പാലിക്കുമെന്ന് ടിടികെ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ മുല്ലപ്പള്ളി നാരായണൻ പറഞ്ഞു.
പറശിനിക്കടവ് മുത്തപ്പന്‍റെ മടപ്പുരയിൽ ജൂൺ 15 മുതൽ മാത്രമേ ഭക്തജനങ്ങൾക്കു പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ പൂജകളും കുട്ടികൾക്കുള്ള ചോറൂണ്, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ പി.എം ബാലകൃഷ്ണൻ അറിയിച്ചു.
ക്ഷേത്ര കവാടങ്ങളിൽ സാനിറ്റൈസർ സംവിധാനമൊരുക്കും. ക്ഷേത്ര ദർശനത്തിന് വരുന്നവർ കവാടത്തിലെ പുസ്തകത്തിൽ പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ സ്വന്തം പേന ഉപയോഗിച്ച് രേഖപ്പെടുത്തണം. അതേ സമയം, തളിപ്പറമ്പ് നഗരത്തിലെ പ്രധാന പളളിയായ ബസ് സ്റ്റാൻഡ് ഹൈദ്രോസ് പള്ളി ഇപ്പോൾ തുറക്കില്ല. പല സ്ഥലങ്ങളിൽ നിന്നുള്ളവർ പ്രാർഥനക്ക് എത്താവുന്ന സാഹചര്യമുണ്ട്. അതിനാൽ പള്ളി തുറക്കുന്നത് ഉചിതമല്ലെന്ന് പ്രസിഡന്‍റ് എ. അബ്ദുല്ല ഹാജി അറിയിച്ചു. അതേ സമയം നഗരപരിധിയിലെ മറ്റ് പള്ളികൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ, ഗ്രാമപ്രദേശങ്ങളിലെ പള്ളികൾ സർക്കാരിന്‍റെ നിബന്ധനകൾ പാലിച്ച് തുറന്നു പ്രവർത്തിക്കും.