കണ്ണൂർ : സ്‌കൂൾ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ച അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽപി സ്‌കൂളിലെ അധ്യാപകനായിരുന്ന പെരിങ്ങോം ആലപ്പടമ്പ് ചൂരൽ സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്‌കൂളിലെ ക്ലാസ് മുറിയിൽ വച്ച് ഗോവിന്ദൻ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്‌കിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ പിന്നീട് ഇവരെ വെറുതെ വിടുകയായിരുന്നു.
പ്രതിക്കെതിരെ 5 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ഒരു കേസില്‍ വെറുതെ വിട്ടു. സംഭവത്തിന് ശേഷം ഗോവിന്ദനെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി പി. മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.
വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ പെരിങ്ങോം എസ്ഐയും ഇപ്പോൾ കരിക്കോട്ടക്കരി സി.ഐയുമായ പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.