കണ്ണൂർ: പറശ്ശിനിക്കടവ് മമ്പാലയിൽ 50 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയതായി പരാതി. മമ്പാല സ്വദേശി പി.എം പ്രേംകുമാറിൻ്റെ വീട്ടു പറമ്പിൽ നിന്നുമാണ് ഒന്നര ലക്ഷം രൂപയുടെ ചന്ദനമരം മോഷണം പോയത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് ആറാം തവണയാണ് പ്രേംകുമാറിന്‍റെ വീട്ടു പറമ്പിൽ നിന്നും ചന്ദന മരങ്ങൾ മോഷ്‌ടിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് വീട്ടുവളപ്പിലെ ചന്ദന മരം മുറിച്ചു കൊണ്ടുപോയതായി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ തവണ ചന്ദന മരം കടത്തിക്കൊണ്ട് പോകുന്നതിനിടയിൽ പൊലീസ് പ്രതികളെ പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വനം വകുപ്പ് അന്വേഷണം നടത്തിയെങ്കിലും കൂട്ടാളികളെ അടക്കം പിടികൂടിയിരുന്നില്ല.
പല തവണ മോഷ്‌ടാക്കളെ കാണിച്ച് കൊടുത്തെങ്കിലും പൊലീസോ, വനം വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. വനം വകുപ്പിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും കൈ കൊണ്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണങ്ങൾ നടക്കുന്നതെന്ന് സംശയിക്കുന്നതായും പ്രേം കുമാർ ആരോപിച്ചു.
മോഷണം വർധിച്ചതോടെ ഡി.എഫ്.ഒയ്ക്ക് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ.
ALSO READ: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി