കണ്ണൂർ: കൊവിഡ് പോസിറ്റീവായ രോഗികളെ സഹായിക്കാന്‍ ഇനി റോബോട്ടും. കണ്ണൂർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് സെന്‍ററിലാണ് ഈ അത്യാധുനിക വിദ്യ. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളജിലെ വിദ്യാർഥികളാണ് ‘നൈറ്റിംഗൽ-19’ എന്ന റോബോട്ടിനെ രൂപകല്‍പന ചെയ്തത്.
രോഗികള്‍ക്ക് ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ട് സംസാരിക്കാം. ആറ് പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം വരെ ഭാരം കൊണ്ടുപോകാനുള്ള ശേഷി റോബോട്ടിനുണ്ട്. റിമോട്ട് കൺട്രോളിലൂടെ ഒരു കിലോമീറ്റർ ദൂരെ നിന്നും റോബോട്ടിനെ നിയന്ത്രിക്കാം. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നൽകിയാൽ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയാനും കഴിയും. ഓരോ തവണത്തെയും യാത്രക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കും. റോബോട്ടിക് സാങ്കേതിക വിദഗ്‌ധന്‍ പ്രൊഫ.സുനിൽ പോളിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് ട്രോളിയുടെ നിര്‍മാണം.