കണ്ണൂർ: കൊവിഡ് മഹാമാരിയായി ആഞ്ഞടിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ സേവനം എടുത്തു പറയേണ്ടതാണ്. സ്വന്തം ജീവൻ പണയം വെച്ചാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ച ഈ കൊവിഡ് കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ ഗവേഷണ വിഭാഗം റോബോട്ടിക് ട്രോളി എന്ന ആശയം രൂപപ്പെടുത്തിയത്.
ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി കൊവിഡ് ചികിത്സാ വാർഡുകളിൽ മരുന്നും ഭക്ഷണവും എത്തിക്കാൻ റോബോട്ടിക് ട്രോളി ഉപയോഗിക്കാം. പരീക്ഷണാർത്ഥം കണ്ണൂർ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയ റോബോട്ടിക് ട്രോളി പിന്നീട് തലശേരി ജനറൽ ആശുപത്രിയിലും പരിയാരം സർക്കാർ മെഡിക്കൽ കോളജിലും എത്തി. ഇപ്പോൾ ഒരു ആരോഗ്യ പ്രവർത്തകന്‍റെ റോളിലേക്ക് ഈ 'ഓട്ടോമാറ്റിക്ക് മിടുക്കൻ' മാറിക്കഴിഞ്ഞു. റോബോട്ടിക് സാങ്കേതിക വിദഗ്ധനും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസറുമായ സുനിൽ പോളിന്‍റെ മേൽനോട്ടത്തിലാണ് ഈ വിദൂര നിയന്ത്രണ ട്രോളി സംവിധാനം യാഥാർഥ്യമാക്കിയത്.
വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ ഉൾക്കൊള്ളിക്കാൻ തക്കവിധം മൂന്ന് തട്ടുകളോട് കൂടിയതാണ് ട്രോളി. ആശുപത്രികളിൽ ഡോക്ടർ, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അവരവരുടെ മുറികളിൽ തന്നെ ഇരുന്ന് റിമോട്ട് കൺട്രോൾ മുഖേന ഈ ട്രോളിയെ ഒരു കിലോമീറ്റർ ദൂരം വരെ യഥേഷ്ടം നിയന്ത്രിക്കാം. കൂടാതെ ട്രോളിയിൽ ഘടിപ്പിച്ചിട്ടുള്ള ടാബിലൂടെ വീഡിയോ കോൾ സംവിധാനം വഴി രോഗികളെ മുഖാമുഖം കണ്ട് വിവരങ്ങൾ ചോദിച്ചറിയാനും നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുമായി സമ്പർക്കം പുലർത്തി വരുന്നവർ ഓരോ തവണയും ശരീരം അണുവിമുക്തമാക്കണം. പിപിഇ കിറ്റുകൾ അവശ്യാനുസരണം ലഭ്യമാകാത്ത സാഹചര്യത്തിൽ അവയുടെ ഉപയോഗം തീരെ കുറയ്ക്കാമെന്നതുമാണ് റോബോട്ടിക് ട്രോളിയുടെ പ്രാധാന്യം. കൂടുതൽ സജ്ജീകരണങ്ങളോടെ റോബോട്ടിക് ട്രോളികൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ ശില്‍പികൾ. കൂടാതെ ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസറും മിനി പോർട്ടബിൾ വെന്‍റിലേറ്ററും വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ ഗവേഷണ വിഭാഗം തയ്യാറാക്കുന്നുണ്ട്.