കണ്ണൂർ: കൊവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം എടുത്തു പറയേണ്ടത് തന്നെയാണ്. പ്രത്യേക വാർഡുകളിൽ ഓരോരുത്തരും ജീവൻ പണയം വച്ചാണ് കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത്. എന്നാല്‍ ഈ ആശങ്കള്‍ എല്ലാം അകറ്റുന്ന കണ്ടുപിടിത്തമാണ് ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജ് ഗവേഷണവിഭാഗം തയ്യാറാക്കിയ റോബോട്ടിക് ട്രോളി. രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി കൊവിഡ് ചികിത്സാ വാർഡുകളിൽ മരുന്നും ഭക്ഷണവും എത്തിക്കാൻ ഈ യന്ത്രമനുഷ്യനാകും. പരീക്ഷണാർഥം അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയ റോബോട്ടിക്ക് ട്രോളി പിന്നീട് തലശേരി ജനറൽ ആശുപത്രിയിലും പരിയാരത്തെ സർക്കാർ മെഡിക്കൽ കോളജിലും എത്തി.
നാളുകൾക്കിപ്പുറം ഒരു ആശുപത്രി ജീവനക്കാരന്‍റെ റോളിലേക്ക് ഈ 'ഓട്ടോമാറ്റിക്ക് മിടുക്കൻ' മാറി. റോബോട്ടിക് സാങ്കേതിക വിദഗ്ധനും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസറുമായ സുനിൽ പോളിന്‍റെ മേൽനോട്ടത്തിലാണ് ഈ വിദൂര നിയന്ത്രണ ട്രോളി സംവിധാനം യാഥാർഥ്യമാക്കിയത്. വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ ഉൾക്കൊള്ളിക്കാൻ തക്കവിധം മൂന്ന് തട്ടുകളോട് കൂടിയതാണ് ട്രോളി. റിമോട്ട് കൺട്രോൾ മുഖേന ഈ ട്രോളിയെ ഒരു കിലോമീറ്റർ ദൂരം വരെ യഥേഷ്ടം നിയന്ത്രിക്കാം. കൂടാതെ ട്രോളിയിൽ ഘടിപ്പിച്ചിട്ടുള്ള ടാബിലൂടെ വീഡിയോകോൾ സംവിധാനം വഴി രോഗികളെ മുഖാമുഖം കണ്ട് വിവരങ്ങൾ ചോദിച്ചറിയാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.
അംഗീകാരം ലഭ്യമായതോടെ കൂടുതൽ സജീകരണങ്ങളോടെ റോബോട്ടിക്ക് ട്രോളികൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് അണിയറശില്‍പ്പികൾ. കൂടാതെ ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസറും ഏറെ പ്രാധാന്യമുള്ള മിനി പോർട്ടബിൾ വെന്‍റിലേറ്ററും വിമൽ ജ്യോതിയിൽ ഇതിനകം വിജയകരമായി നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ അപൂർവ സാഹചര്യങ്ങളെ മറികടക്കാൻ മനുഷ്യൻ ബുദ്ധി പ്രയോഗിച്ചിട്ടുള്ളതിൽ ഏറെ ഉപകാരപ്രദവും വളരെ പ്രശംസനീയവുമായി മാറിയ ഒന്നായി ഈ കൊവിഡ് ഓട്ടോമാറ്റിക്ക് ട്രോളി.