കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ റേഷന്‍കടകൾ വഴി നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണത്തിന്‍റെ രണ്ടാം ഘട്ടം അനിശ്ചിതത്വത്തിൽ. മഞ്ഞക്കാർഡ് വിഭാഗക്കാർക്ക് കിറ്റ് വിതരണം ചെയ്തെങ്കിലും മറ്റ് വിഭാഗക്കാർ കാത്തിരിപ്പിലാണ്. സാധനങ്ങള്‍ കൃത്യമായി എത്താത്തതാണ് തടസമായിരിക്കുന്നത്.
സണ്‍ ഫ്ളവര്‍ ഓയില്‍, ഉപ്പ്, റവ, ചെറുപയര്‍, കടല, ഉഴുന്ന്, പഞ്ചസാര എന്നിവ ഓരോ കിലോ വീതവും, രണ്ടു കിലോ ആട്ട, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്, കടുക്, ഉലുവ, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളക് എന്നിവ 100 ഗ്രാം വീതം, തെയില 250 ഗ്രാം, സോപ്പ് -രണ്ട്, വെളിച്ചെണ്ണ അര കിലോഗ്രാം എന്നിങ്ങനെ 17 ഇനം ഉല്‍പ്പന്നങ്ങളാണ് കിറ്റിൽ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ പല സാധനങ്ങളും എത്താൻ വൈകിയതോടെ കിറ്റ് തയാറാക്കല്‍ നിലച്ചു. ബി.പി.എല്‍ വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റാണ് ഇനി വിതരണം ചെയ്യേണ്ടത്.
കഴിഞ്ഞ 16ന് ശേഷം വിതരണം നടക്കും എന്ന് പറഞ്ഞെങ്കിലും റേഷൻ കടകളില്‍ എത്തുന്നവരോട് കൈ മലർത്തുകയാണ് വ്യാപാരികൾ. ബിപിഎല്ലിന് ശേഷം നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യേണ്ടതുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ വിതരണം ആരംഭിച്ചു. മഞ്ഞ കാര്‍ഡുകാർക്കാണ് ആദ്യഘട്ട വിതരണം. ഓരോ അംഗത്തിനും അഞ്ചുകിലോ അരിവീതം ലഭിക്കും. ഇതിൽ നാല് കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയുമാണ്. പിങ്ക് കാര്‍ഡുകാര്‍ക്ക് ബുധനാഴ്ച മുതലുമാണ് വിതരണം. ഈ മാസം 30 വരെ അരി ലഭിക്കും.
അതിനിടെ സംസ്ഥാന സർക്കാർ വിതരണം ചെയ്ത സൗജന്യ റേഷൻ കൈപ്പറ്റിയവരുടെ എണ്ണം സർവ്വകാല റെക്കോർഡിലെത്തി. മലബാർ മേഖലയിലെ കണക്ക് പ്രകാരം 97 മുതൽ 100 ശതമാനം കാർഡുടമകളാണ് റേഷനരി കൈപ്പറ്റിയത്. എ.എ.വൈ, മുൻഗണന വിഭാഗം, മുൻഗണനേതര സബ്സിഡി വിഭാഗം, മുൻഗണനേതര വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളും സൗജന്യ റേഷൻ കൈപ്പറ്റി.
ജില്ലകൾ തിരിച്ചുള്ള കണക്ക്
റേഷന്‍ കൈപ്പറ്റിയവര്‍ (ബ്രാക്കറ്റില്‍ ആകെ കാര്‍ഡ് ഉടമകള്‍)
കാസർകോട് - 311808 (313835)
കണ്ണൂർ - 626163(625459)
വയനാട് - 220875 (218081)
കോഴിക്കോട് - 760652 (754819)
മലപ്പുറം - 944714 (936930)
പാലക്കാട് - 717733 (747625)
തൃശൂർ - 836958 (810366)