കണ്ണൂര്‍: യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ അടുത്ത മാസം 19ന് പ്രാഥമികവാദം നടക്കും. 17 പ്രതികളും കേസ് പരിഗണിക്കുന്ന തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് മുന്നില്‍ ഹാജരാകണം. കേസിലെ 2 കുറ്റപത്രങ്ങളും ഒന്നിച്ചു പരിഗണിക്കുമെന്ന് രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി ആർ.എൽ. ബൈജു ഉത്തരവിട്ടു. കേസില്‍ ആറ് മാസത്തിനുള്ളിൽ വിചാരണ നടത്തി തീർപ്പ് കൽപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് മൂന്നാം അഡീഷണൽ ജില്ലാ കോടതിയുടെ അധിക ചുമതലയുള്ള രണ്ടാം അഡീഷണൽ കോടതിയുടെ മുമ്പാകെ കേസ് പരിഗണനക്ക് വന്നത്.
2018 ഫെബ്രുവരി 12ന് രാത്രി കീഴൂർ തെരുരിലെ തട്ടുകടയിൽ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അക്രമം തടയാൻ ശ്രമിച്ച നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു. സിപിഎം പ്രവർത്തകരായ എംപി. ആകാശ്, രജിൽ രാജ്, ജിതിൻ, ദീപ് ചന്ദ്, അസ്കർ, ബൈജു, അൻവർ സാദത്ത്, അഖിൽ, കെ.സജ്ജയ്, രജത്ത്, സംഗീത്, അഭിനാഷ്, നിഖിൽ, കെ.പി.പ്രശാന്ത്, സനീഷ്, സുബിൻ, പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 142 സാക്ഷികളാണുള്ളത്.