കണ്ണൂർ : കോഴയാരോപണം ഉന്നയിക്കും മുന്‍പ് ജെആര്‍പി ട്രഷറര്‍ പ്രസീത സിപിഎം നേതാവ് പി. ജയരാജനെ കണ്ടെന്ന വാദം തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ഇരുവരും രംഗത്ത്. പ്രസീത സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നും ഇതിന്‍റെ ഭാഗമാണ് തനിക്കെതിരെയുള്ള നീക്കമെന്നുമായിരുന്നു സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
സി.കെ ജാനുവിനെ എൻ.ഡി.എയില്‍ എത്തിക്കാൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയെന്ന പ്രസീതയുടെ ആരോപണത്തിലാണ് കെ സുരേന്ദ്രൻ പി ജയരാജനെതിരെ ഗൂഢാലോചന ആരോപിച്ചത്. എന്നാൽ ആക്ഷേപം നിഷേധിച്ച ഇരുവരും അത് തെളിയിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുകയായിരുന്നു.
താനും പ്രസീതയുമായി കൂടിക്കാഴ്ച്ച നടന്നോ എന്നതല്ല പ്രസക്തമെന്നും പ്രസീത ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് സുരേന്ദ്രൻ ചെയ്യേണ്ടതെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ആരോപണത്തിൽ തെളിവുമായി കെ സുരേന്ദ്രൻ വന്നാൽ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
also read: കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത
അതേസമയം കെ സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയാണെന്നായിരുന്നു പ്രസീത അഴീക്കോടിന്‍റെ പ്രതികരണം. പി ജയരാജനുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല.
തെളിവുണ്ടെങ്കിൽ പുറത്ത് വിടാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. മൂന്ന് വർഷം മുൻപ് സംഘടനയുമായി ബന്ധപ്പെട്ട കാര്യത്തിന് സംസാരിച്ചിരുന്നു എന്നതൊഴിച്ചാല്‍ താൻ ഇതുവരെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലെന്നും പ്രസീത പറഞ്ഞു.