കണ്ണൂര്‍: ട്രിപ്പിൾ ലോക്കിനിടെ വിവാഹിതനായ പൊലീസുകാരന് സ്നേഹവിരുന്നൊരുക്കി ശ്രീകണ്ഠപുരം പൊലീസ്. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് വിവാഹിതരായ കുമ്പള കോസ്റ്റൽ സ്റ്റേഷനിലെ സീനിയർ കോൺസ്റ്റബിൾ അനീഷിനും ഭാര്യ ശ്രീജിഷക്കുമാണ് സഹപ്രവർത്തകർ വിരുന്നൊരുക്കിയത്.
സ്റ്റേഷൻ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ ഇരുവർക്കും സ്റ്റേഷൻ വക സ്നേഹോപഹാരം ഡിവൈഎസ്പി രത്നകുമാർ ടി.കെ കൈമാറി. സഹപ്രവർത്തകർ മധുരവും കൈമാറി. ചടങ്ങിനിടെ പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ഇരുവരെയും ഫോണിൽ വിളിച്ച് ആശംസകളും നേർന്നു. വധൂവരന്മാർ തങ്ങളുടെ കല്യാണ ചെലവിനായി നീക്കിവച്ച തുകയിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി ഡിവൈഎസ്പിയെ ഏൽപ്പിച്ച് മാതൃകയായി.