കണ്ണൂര്‍: 'ഈ ഒരുപിടി ഉപ്പിനാൽ ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിത്തറ കുലുക്കും', 1930 ഏപ്രില്‍ അഞ്ചിന് ദണ്ഡി കടപ്പുറത്ത് ഒരു പിടി ഉപ്പ് വാരി കൈയില്‍ പിടിച്ച് മഹാത്മ ഗാന്ധി പറഞ്ഞ ഈ വാചകം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായി.
സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഗാന്ധിജി 1930 മാര്‍ച്ച് 12ന് തുടങ്ങിയ ഉപ്പ് സത്യഗ്രഹ യാത്ര രാജ്യമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. 1882ലെ സാള്‍ട്ട് ആക്ട് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്‍റെ കുത്തക സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ കുത്തക പൊളിച്ച് ഉപ്പ് സര്‍വസാധാരണമാക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. മഹാത്മജിയുടെ ആഹ്വാനപ്രകാരം കേരളവും ഉപ്പ് സത്യഗ്രഹത്തില്‍ പങ്കാളികളായി.
ദണ്ഡിയാത്രയിലെ മലയാളികള്‍
ഗാന്ധിജിയോടൊപ്പം സി.കൃഷ്ണൻ നായർ, ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി, തപൻ നായർ എന്നിവര്‍ ദണ്ഡി യാത്രയില്‍ പങ്കാളികളായി. കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ കണ്ണൂരിലെ പയ്യന്നൂരും കോഴിക്കോട്ടെ ബേപ്പൂരുമായിരുന്നു. കേരളത്തില്‍ ആദ്യമായി നടന്ന ഉപ്പു കുറുക്കലിന് പയ്യന്നൂരില്‍ കേരള ഗാന്ധിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കെ. കേളപ്പനാണ് നേതൃത്വം കൊടുത്തത്. പിന്നാലെ ബേപ്പൂരില്‍ മുഹമ്മദ് അബ്ദുറഹിമാനും.
കേരളത്തിലെ ആദ്യ ഉപ്പുകുറുക്കല്‍
പയ്യന്നൂരിലെ ഉളിയത്തു കടവിലാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി ഉപ്പുകുറുക്കല്‍ പ്രതിഷേധം നടന്നത്. കെ കേളപ്പൻ, മൊയാരത്ത് ശങ്കരമേനോൻ, സി.എച്ച് ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. 1930 മാർച്ച് ഒമ്പതിന് വടകരയിൽ ചേർന്ന കെ.പി.സി.സി യോഗം ഇതിന് അനുമതി നൽകി. കോഴിക്കോട് നിന്നും ആരംഭിച്ച 32 അംഗ ജാഥയില്‍ കെ കേളപ്പൻ ലീഡറും കെ.ടി കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായിരുന്നു.
ഇടിമുഴക്കമായി കൃഷ്ണപിള്ളയുടെ ഗാനം
1930 ഏപ്രിൽ 13ന് കൃഷ്ണപിള്ള പാടിയ 'വാഴ്‌ക ഭാരതസമുദായം’ എന്നാരംഭിക്കുന്ന ബ്രിട്ടീഷ് വിരുദ്ധഗാനം ഇടിമുഴക്കം പോലെ ഏറ്റുവാങ്ങി ജാഥ പ്രയാണം തുടങ്ങി. മൊയാരത്ത് കുഞ്ഞിശങ്കരമേനോൻ, പി കുമാരൻ, സി എച്ച് ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തില്‍ വഴിയിൽ വരവേൽപ്പ് ഒരുക്കി. ഏപ്രിൽ 21ന് ജാഥ പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്ത് കടവിലേക്ക്. മുദ്രാവാക്യം വിളിയും ദേശീയഗാനങ്ങളും അലയടിച്ച അന്തരീക്ഷത്തിൽ ഉപ്പുകുറുക്കി നിയമം ലംഘിച്ചു. ഇതോടെ കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു വഴിത്തിരിവായി ഉളിയത്ത് കടവ് - പയ്യന്നൂർ സംഭവം മാറി.
അന്തംവിട്ട ബ്രിട്ടീഷുകാരുടെ മര്‍ദനമുറ
പ്രകോപിതരായി ബ്രിട്ടീഷുകാര്‍ പയ്യന്നൂരിലെ സത്യഗ്രഹ ക്യാമ്പ് റെയ്‌ഡ് നടത്തി അന്തേവാസികളെ മര്‍ദിച്ചു. കെ കേളപ്പൻ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഇത് ജനങ്ങളെ ആവേശ ഭരിതരാക്കി, സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേര്‍ തയ്യാറായി. കണ്ണൂർ, തലശ്ശേരി, ജില്ലയുടെ മറ്റു ഭാഗങ്ങളിലും വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. നിരവധി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു.
സംരക്ഷിക്കണം ഉളിയത്ത് കടവിനെ
ഉപ്പ് സത്യഗ്രഹത്തിന്‍റെ 90-ാം വാര്‍ഷികം കഴിഞ്ഞ വര്‍ഷമാണ് ആചരിച്ചത്. അപ്പോഴും ഉളിയത്ത് കടവ് എന്ന ഐതിഹാസിക ചരിത്രഭൂമിക ആരും ശ്രദ്ധിക്കാനില്ലാതെ സാമൂഹിക വിരുദ്ധരുടെ താവളമായി അവശേഷിക്കുകയാണ്. ഉപ്പു സത്യഗ്രഹത്തിന്‍റെ ചരിത്ര രേഖകൾ പയ്യന്നൂർ ഗാന്ധി സ്‌മൃതി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
സമരത്തിൽ പങ്കെടുത്ത് മർദനം ഏറ്റവരുടെ പേരു വിവരങ്ങളും മറ്റും അടങ്ങിയ രേഖകൾ, പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന്‍റെ പകർപ്പ് തുടങ്ങിയ രേഖകളും ഗാന്ധി മ്യൂസിയത്തിലുണ്ട്. സമര പോരാളികൾക്ക് മർദനമേറ്റ പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ തന്നെയാണ് ഗാന്ധി മ്യൂസിയമായി മാറിയത്. ചരിത്ര ഭൂമിയായ ഉളിയത്ത് കടവും സംരക്ഷിക്കാൻ അധികൃതര്‍ ഉടനടി തയ്യാറാവണമെന്നാണ് സ്വാതന്ത്ര്യസമര സേനാനികളുടെയും നാട്ടുകാരുടെയും ആവശ്യം.
ALSO READ: മഹാത്മാഗാന്ധിയുടെ വലിപ്പത്തില്‍ ഗാന്ധികണ്ണട നിര്‍മ്മിച്ച് ഒഡീഷ കലാകാരന്‍