കണ്ണൂർ: രണ്ടാഴ്‌ചയിലേറെയായി മഴ നിലയ്‌ക്കാതെ പെയ്‌തതോടെ കണ്ണൂരിലെ ഒട്ടുമിക്ക നെൽപ്പാടങ്ങളും വെള്ളത്തിൽ മുങ്ങി. കാങ്കോൽ കുണ്ടയം കൊവ്വൽ - താഴെ കുറുന്ത് പ്രദേശത്ത് മാത്രം 12 ഏക്കർ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. ഒരടി പോലും ഉയരം വച്ചിട്ടില്ലാത്ത നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്.
മുൻകാലങ്ങളിൽ വെള്ളം വാർന്നു പോകാനുള്ള ഇടവേളകൾ ലഭിക്കുമായിരുന്നു. എന്നാൽ ഇക്കുറി അത് ഒന്നുമുണ്ടായില്ല. മഴ മാറി മാനം തെളിഞ്ഞ് കയറിയ വെള്ളം പിൻവാങ്ങിയപ്പോഴേക്കും ചെടികളെല്ലാം ചീഞ്ഞ് നശിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം തോടിൻ്റെ വീതി കുറഞ്ഞതും വയലിനോട് ചേർന്നുള്ള അശാസ്‌ത്രീയ നിർമാണങ്ങളും വെള്ളക്കെട്ടിന് കാരണമായെന്നാണ് കർഷകർ പറയുന്നത്. സാമ്പത്തിക നഷ്‌ടത്തിന് തെല്ലൊരാശ്വാസമെങ്കിലും സർക്കാരിൽ നിന്ന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ചേറിൽ അന്നം വിളയിക്കാന്‍ ഇറങ്ങിയ ഈ കർഷകർ.