കണ്ണൂര്‍ : ഏഴുമാസമായി കൂലി ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. സംസ്ഥാനത്താകെ 1250 കോടി രൂപയാണ് തൊഴിലാളികൾക്ക് കൂലിയിനത്തിൽ കിട്ടാനുള്ളത്. ഇതില്‍ കണ്ണൂർ ജില്ലയിലെ ഒരു ലക്ഷത്തിലധികം തൊഴിലാളികൾക്ക് 58.33 കോടി രൂപയാണ് കിട്ടാനുള്ളത്. 2019 ജൂൺ മാസത്തിലാണ് തൊഴിലാളികൾക്ക് അവസാനമായി കൂലി ലഭിച്ചത്.
ജില്ലയിലാകെ 1,30,568 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത്. ഇതില്‍ 20,464 പേര്‍ക്ക് കഴിഞ്ഞവർഷം നൂറുദിവസം തൊഴിൽ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂലി മാത്രം ലഭിച്ചില്ല. കൂലി കിട്ടിയാൽ തിരിച്ചടയ്‌ക്കാമെന്ന് കരുതി വായ്‌പയെടുത്തവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലരും മറ്റ് ജോലികള്‍ അന്വേഷിച്ച് നടക്കുകയാണിപ്പോള്‍. ഗ്രാന്‍റുകളും, കേന്ദ്രാവിഷ്‌കൃതപദ്ധതിയിൽ നിന്നുള്ള സഹായധനവും വെട്ടിക്കുറച്ചതിന് പുറമെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും കുടിശികയായത്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതാദ്യമായാണ് ഇത്രയും മാസത്തെ കുടിശിക വരുന്നത്.