കണ്ണൂർ: കൊവിഡ് ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ ആരോഗ്യ നിലയിലുണ്ടായ പുരോഗതി തുടരുന്നുന്നതായി ആശുപത്രി അധികൃതർ. ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കാനാകും. എന്നാൽ കൊവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കൊവിഡിന്‍റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്ത സമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാൽ സി-പാപ്പ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചാണ് ചികിത്സ തുടരുന്നത്. സി-പാപ്പ് മാറ്റാൻ സാധിക്കുന്നതോടെ അദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വീണ്ടും വിധേയമാക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിട്ടിക്കൽ കെയർ വിദഗ്‌ദരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എസ്.എസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ബുധനാഴ്ച നടന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവർ നേരിട്ടും ഫോണിലൂടേയും മെഡിക്കൽ സംഘവുമായി ചർച്ച ചെയ്ത് ജയരാജന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തി.