കണ്ണൂര്‍: കൊവിഡ് വ്യാപന സാധ്യത വർധിച്ചതോടെ തളിപ്പറമ്പ നിയോജക മണ്ഡലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മലയോര മേഖല ഉൾപ്പെടുന്ന മണ്ഡലത്തിൽ സമൂഹ വ്യാപനം ചെറുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ഇൻസ്റ്റിറ്റ്യൂഷണൽ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കി മാറ്റാനും യോഗത്തിൽ തീരുമാനമായി.
കൊവിഡ് പ്രതിരോധത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി തളിപ്പറമ്പ മണ്ഡലത്തിലെ രണ്ട് നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമായി മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിയത്. മൂന്നാം ഘട്ടത്തിൽ സമൂഹ വ്യാപന സാധ്യത വര്‍ധിച്ചതോടെയാണ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ചേർന്ന യോഗത്തിൽ തീരുമാനമായത്. തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡിലും 50 പേർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചു.
മൊറാഴ ജെംസ് ഇന്‍റർനാഷണൽ സ്കൂൾ, മൊറാഴ സ്റ്റംസ് കോളജ്, നഗരസഭയിലെ വിവിധ സ്കൂളുകൾ, എന്നിവിടങ്ങളിൽ രോഗികളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടാതെ ഇൻസ്റ്റിറ്റ്യൂഷണൽ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കി മാറ്റുന്ന ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ കഴിയേണ്ടവരെ ഓരോരുത്തരെ വീതം അങ്കണവാടികൾ ക്വാറന്‍റൈൻ കേന്ദ്രമാക്കി പാർപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കുമെന്നും ജെയിംസ് മാത്യു എം.എൽ.എ പറഞ്ഞു.
ആന്തൂർ നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി. കെ ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ നഗരസഭാ ചെയർ മാൻ മഹമ്മൂദ് അള്ളാംകുളം, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. രാജേഷ്, പി പുഷ്പജൻ, ഐ.വി നാരായണൻ, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.