കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാണ് സിപിഐ എന്ന് പറഞ്ഞുകൊണ്ട് പാർട്ടിക്കെതിരായി അപവാദശ്രമം നടത്തുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അവസാന ഘട്ടമായ ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദൻ. കോമത്ത് മുരളീധരൻ അടക്കമുള്ളവര്‍ സിപിഎം വിട്ടതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ വഞ്ചിച്ച് പാർട്ടിയെ കുറിച്ചോ കേഡർമാരെ കുറിച്ചോ അപവാദ പ്രചാരവേല നടത്തി പോയാൽ അവർ എത്തിച്ചേരുന്നത് എവിടെയാണെന്ന് പാർട്ടിക്ക് അറിയാം. എം.വി രാഘവനും ഗൗരിയമ്മയും അങ്ങനെ തന്നെയാണ് നടപടി വന്നപ്പോൾ പറഞ്ഞത്. തെറ്റ് തിരുത്തി പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരാനുള്ള സൗകര്യം ഏത് ഘട്ടത്തിലും ഉണ്ടെന്നും അതിനെ സ്വാഗതം ചെയ്യുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സിപിഐ എന്ന് സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. അങ്ങനെ ഒരു ഗതികേട് ആ പാർട്ടിക്ക് ഉണ്ടായതിൽ വിഷമം ഉണ്ട്. സാമ്പത്തിക ക്രമക്കേട് ഉണ്ടാക്കി പാർട്ടി നടപടി എടുത്താലും അസന്മാർഗിക പ്രവർത്തനത്തിന് നടപടി എടുത്താലും എല്ലാവരും ഉടൻ സിപിഐലേക്കാണ് പോകുന്നതെന്നും ജയരാജൻ പറഞ്ഞു.
Read more: സിപിഎം പുറത്താക്കിയ തളിപ്പറമ്പ് മുന്‍ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരന്‍ സിപിഐയില്‍