കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം വരെ സെപ്‌റ്റംബർ, ഒക്ടോബർ മാസങ്ങൾ മംഗലശേരിക്കാർക്ക് വള്ളംകളിയുടെ നാളുകളായിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിൽ മംഗലശേരിപ്പുഴയോരത്തെ പവലിയനിൽ ആർപ്പോ... ഇർറോ വിളികളുയർന്ന കാലം. മംഗലശേരിപ്പുഴയുടെ ഓളങ്ങളെ കീറി മുറിച്ച് ചുരുളൻ വള്ളങ്ങളും ചെറുവള്ളങ്ങളും ഫോട്ടോ ഫിനിഷിംഗിലേക്ക് കുതിച്ചു പാഞ്ഞ നാളുകളുടെ ആവേശം ഇത്തവണ ഓർമ്മ മാത്രമാണ്. കൊവിഡെന്ന മഹാമാരി മംഗലശേരിപ്പുഴയിൽ നടത്താറുള്ള മലബാർ ജലോത്സവത്തെയും സാരമായി ബാധിച്ചു. കണ്ണൂർ ഡിടിപിസിയുടെയും മംഗലശേരി നവോദയ ക്ലബ്ബിന്‍റെയും നേതൃത്വത്തിൽ നടത്താറുള്ള ജലോത്സവം കൊവിഡ് മാറാതെ ഇനി നടത്താനാവില്ലെന്ന വിഷമം സംഘാടക സമിതി ചെയർമാനായ ടി വി രാജേഷ് എംഎൽഎയും പങ്കുവെച്ചു.
കഴിഞ്ഞ വർഷം ആദ്യം സെപ്‌റ്റംബറിലും പിന്നീട് ഒക്ടോബർ 27നും നടത്താനിരുന്ന മലബാർ ജലോത്സവം നവംബർ മൂന്നിനായിരുന്നു ഒടുവിൽ സംഘടിപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലൂടെ ശ്രദ്ധേയനായ കമന്‍റേറ്റർ ഷൈജു ദാമോദരന്‍റെ കളിവിവരണവും സിനിമാ താരം ടിനി ടോമിന്‍റെ സാന്നിധ്യവുമായിരുന്നു അന്നത്തെ ആവേശം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടകൻ. വനിതകളുടെ ടീം ഉൾപ്പെടെ മംഗലശേരിപ്പുഴയിൽ തുഴയെറിയാനിറങ്ങി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം ആയിരുന്നു കഴിഞ്ഞ തവണത്തെ ജേതാക്കൾ. ഇത്തവണ ഏറ്റവും മികച്ച രീതിയിൽ മലബാർ ജലോത്സവം നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംഘാടകർ നടത്തിയിരുന്നു. അതിനിടയാണ് കൊവിഡ് മഹാമാരി വില്ലനായി എത്തിയത്.