കണ്ണൂര്‍: ആർ.എസ്.എസുകാര്‍ ക്ഷേത്രങ്ങള്‍ ആയുധ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം ചോരക്കളവുമാക്കിയെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഒ.കെ വാസു. ക്ഷേത്രത്തിനകത്ത് കയറി അക്രമം നടത്തുന്ന ആർ.എസ്.എസുകാർ ഈശ്വര വിശ്വാസമില്ലാത്തവരാണ്. ക്ഷേത്രങ്ങൾ രക്തക്കളമാക്കുന്നതിന്റെ ഉദാഹരണമാണ് പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ വഴിപാട് ക്ലർക്കിനെ ആക്രമിച്ചത്. ക്ഷേത്ര മതിൽ ചാടിക്കടന്നാണ് ജീവനക്കാരനായ പി. ആനന്ദിനെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചത്.
സേവാഭാരതിയുടെ വാഹനം ഓടിക്കുന്ന ആർ.എസ്.എസ് പ്രവർത്തകനാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇയാള്‍ക്കൊപ്പം മൂന്നു പേര്‍ കൂടി അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു. ആനന്ദിനെ കൊല്ലാനാണ് ആർ.എസ്.എസ് ലക്ഷ്യമിട്ടത്. അക്രമികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും ഒ. കെ.വാസു ആവശ്യപ്പെട്ടു.
ശബരിമലയിൽ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും പറഞ്ഞു നടക്കുന്ന ആർ.എസ്.എസ് നൂറു കണക്കിന് ഭക്തർ എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിന്റെ പരിശുദ്ധിയും പവിത്രതയും നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിലൂടെ ആർ.എസ്.എസിന്‍റെ വികൃതമുഖമാണ് പുറത്തായിരിക്കുന്നതെന്നും ബി.ജെ.പി വിട്ട് സി.പി.എമ്മിൽ എത്തിയ ഒ.കെ വാസു പറഞ്ഞു. വെട്ടേറ്റ ആനന്ദ് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്.