കണ്ണൂർ: തട്ടിക്കൊണ്ടുവന്ന ബാലികയ്ക്കും യുവാവിനും ഒളിവിൽ കഴിയാൻ ലോഡ്‌ജിൽ മുറി നൽകിയ ലോഡ്‌ജ് റിസപ്ഷനിസ്റ്റ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കണ്ണൂർ പുതിയ തെരുവിലെ രാജേഷ് റസിഡന്‍സിയിലെ റിസപ്ഷനിസ്റ്റ് കണ്ണോംത്തും ചാലിലെ ലയാന്‍ പീറ്ററെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്‌ടര്‍ ഏ.വി ദിനേശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂണ്‍ 25നാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരിയുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ എസ്.എസ്. ജിതീഷ് നാടുവിട്ടത്. സംഭവ ദിവസം ലോഡ്‌ജിലെ റിസപ്ഷനിൽ ഉണ്ടായിരുന്ന ലയാൻ പീറ്റർ പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖയോ വയസോ പരിശോധിക്കാതെ മുറി അനുവദിക്കുകയായിരുന്നു.
യുവാവിനെ സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. ജൂണ്‍ 25ന് സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടി യുവാവിനോടൊപ്പം പോകുകയായിരുന്നു. വൈകുന്നേരമായിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് തളിപ്പറമ്പ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂണ്‍ 28ന് ഇരുവരെയും ചെന്നൈയില്‍ നിന്നും പിടികൂടുകയായിരുന്നു.