കണ്ണൂർ: സി.ഐ.എസ്.എഫ് ജവാന്മാർ ക്വാറന്‍റൈനില്‍ കഴിയുന്നതില്‍ വൻ വീഴ്ച വരുത്തിയെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. ഒന്നിൽ കൂടുതൽ പേർ ശുചിമുറികളും താമസ സൗകര്യവും പങ്കിട്ടതായി വ്യക്തമായെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം എസ്.പി പറഞ്ഞു. പൊലീസും ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബാരക്കിൽ കഴിയുന്ന മുഴുവൻ പേർക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ഡി.ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും ബാരക് സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 50 സി.ഐ.എസ്.എഫ് ജവാന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂത്ത്പറമ്പ് വലിയ വെളിച്ചം ക്യാമ്പിലും അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും കഴിഞ്ഞവർക്കാണ് രോഗം പിടിപെട്ടത്. എല്ലാവരും അവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡി.ജി.പി ലോക്നാഥ് ബഹ്റയാണ് ഇതേ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.