കണ്ണൂർ: ഇന്ധനമടിക്കാൻ കാശില്ലാതെ കണ്ണൂർ ആർടിഒ ഓഫിസ് വാഹനങ്ങൾ കട്ടപ്പുറത്ത്. രണ്ട് മാസത്തിലേറെയായി ഡീസൽ കുടിശിക തീർക്കാനാവാതെ പ്രതിസന്ധിയിലാണ് അധികൃതർ. ഉദ്യോഗസ്ഥരും ജീവനക്കാരും ആശ്രയിക്കുന്നത് ബസും, സ്വകാര്യ വാഹനങ്ങളെയുമാണ്. ഒരു ലക്ഷം രൂപയോളം വരുന്ന കുടിശികയാണ് ഇന്ധന പ്രതിസന്ധിയുടെ പ്രധാന കാരണം.
പണം നൽകാതെ ഡീസൽ തരില്ലെന്ന് പമ്പ് അധികൃതർ അറിയിച്ചതോടെ രണ്ട് മാസത്തോളമായി ആർടിഒ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ട്. ഇന്ധനത്തിന് നൽകാൻ നിലവിലെ സാഹചര്യത്തിൽ പണമില്ല എന്ന് തന്നെയാണ് സർക്കാരിൽ നിന്നും ലഭിക്കുന്ന മറുപടി. നിരവധി തവണ പരാതി നൽകിയെങ്കിലും വിഷയത്തിൽ പരിഹാരം കാണാനായില്ല എന്നതും വിഷയത്തിന്‍റെ തീവ്രത വർധിപ്പിക്കുന്നു.
ഫീൽഡ് വർക്കിനും മറ്റുമായി സ്വകാര്യ വാഹനങ്ങളെയും ബസുകളെയും ആശ്രയിക്കുകയാണ് ജീവനക്കാരിലേറെയും. വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ടുന്ന പ്രീ മൺസൂൺ ചെക്കിങ്ങും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും വാഹനം ഇറങ്ങാതായതോടെ അവതാളത്തിലായി.
ജില്ലയിൽ ആർടി സേവനങ്ങൾ ഓൺ ലൈൻ സംവിധാനത്തിൽ ലഭിക്കുമെങ്കിലും പ്രധാനപ്പെട്ട പല ആവശ്യങ്ങൾക്കും വാഹനം തന്നെ വേണം എന്നതാണ് പ്രത്യേകത. എന്നാൽ നിസാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അയച്ച ബില്ലുകൾ ട്രഷറിയിൽ നിന്നും തിരിച്ചയക്കുന്നതും പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമാകുന്നുണ്ട്.