കണ്ണൂര്‍: കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന അമാന സ്വകാര്യ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച വൈകിട്ട് റോഡിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം പമ്പ് ചെയ്ത് റോഡിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്. തുടർന്ന് ശക്തമായ പ്രതിഷേധം നടന്നു. കുറ്റ്യാടി പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ കത്തിക്കുന്നതായും നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രി കവാടത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ഡി വൈ എഫ് ഐ നേതാവ് എം കെ നികേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ മുഹമ്മദ് കക്കട്ടിൽ, കെ രാജേഷ്, കെ ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.