കണ്ണൂര്‍: സാന്ത്വന സ്പർശം അദാലത്തിൽ പ്രശ്ന പരിഹാരം തേടി ഭിന്നശേഷിക്കാരനായ വ്യാപാരിയുമെത്തി. ദേശീയപാതാ വികസനത്തിനായി കടയുൾപ്പെടുന്ന സ്ഥലം വിട്ടു നൽകിയ തനിക്ക് ഇതുവരെയായി നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പരാതിയാണ് വ്യാപാരിയായ എം.സി.അബ്ദുൽ ബഷീർ മന്ത്രിമാർക്ക് മുമ്പിൽ നൽകിയത്. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിമാർ അദ്ദേഹത്തിന് ഉറപ്പും നൽകി.
പരിയാരം കോരൻ പീടികയിൽ ചെരുപ്പ്, ഫാൻസി കട നടത്തി വരികയായിരുന്നു പാണപ്പുഴ സ്വദേശിയായ എം.സി.അബ്ദുൽ ബഷീർ. ചെറുപ്പത്തിലുണ്ടായ അപകടത്തെ തുടർന്ന് അരക്ക് താഴേക്ക് തളർന്ന് വീൽചെയറിലാണ് ബഷീറിന്‍റെ ജീവിതം. അതിനിടെ 2015 ലാണ് വികലാംഗ കോർപ്പറേഷനിൽ നിന്നും 3.8 ലക്ഷം രൂപ വായ്പയെടുത്ത് കട ആരംഭിച്ചത്. ജീവിതം പതിയെ പച്ച പിടിച്ചു വരുന്നതിനിടെയാണ് ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പ് തുടങ്ങിയത്. നാടിന്‍റെ വികസനത്തിനായി ബഷീറും തന്‍റെ കടയുൾപ്പെടുന്ന സ്ഥലം വിട്ടുനൽകി. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഇവർക്കുള്ള നഷ്ടപരിഹാരം ലഭിച്ചില്ല. നിരന്തരം ശ്രമിച്ചിട്ടും ഫലം ഇല്ലാതായതോടെയാണ് ബഷീർ തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ നടന്ന അദാലത്തിൽ മന്ത്രിമാരെ കാണാനായി വീൽചെയറിൽ എത്തിയത്.
അദാലത്തിന് നേതൃത്വം നൽകിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബഷീറിനെ കണ്ട് വീൽചെയറിനരികിലെത്തി. പരാതി സ്വീകരിച്ച അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിഷയത്തിൽ പരിഹാരം ഉണ്ടാക്കാൻ ഇടപെടാമെന്ന് മന്ത്രിയും ഉറപ്പ് നൽകി. തുടർന്ന് ബഷീർ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയെയും കണ്ടു.