കണ്ണൂർ: പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കടമ്പേരിയിൽ വെച്ച് നടന്ന കലക്കാച്ചി തിരുവാതിര സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടമ്പേരി സിആർസി യുവജനരംഗത്തിന്‍റെ ധനക് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 28 വയസുമുതൽ 51 വയസുവരെയുള്ള പുരുഷന്മാരെ അണിനിരത്തിയായിരുന്നു കലക്കാച്ചി തിരുവാതിര എന്ന പരിപാടി നടത്തിയത്.
കടമ്പേരി പ്രദേശത്തെ കുടുംബങ്ങളെ കൂട്ടിയോജിപ്പിച്ച് കൂട്ടായ്‌മയിലൂടെ എല്ലാ വർഷങ്ങളിലും പുതുവർഷം ആഘോഷിക്കുക എന്ന ലക്ഷ്യത്തിലാണ് ധനക് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. വ്യത്യസ്‌തത വേണമെന്ന തീരുമാനമാണ് തിരുവാതിരയിൽ എത്തിച്ചത്. തുടർന്ന് എട്ട് പുരുഷന്മാരെ ഉൾപ്പെടുത്തി ഫ്യൂഷൻ രൂപത്തിൽ 5 മിനിറ്റ് തിരുവാതിര ചെയ്യാനുള്ള പദ്ധതിയിടുകയായിരുന്നു.
വിവിധ ജോലികൾ ചെയ്യുന്ന എട്ട് പേരും ജോലി കഴിഞ്ഞ് രാത്രി 8 മുതൽ 11 വരെയുള്ള സമയത്താണ് പരിശീലനം നടത്തിയത്. ഏഴ് ദിവസങ്ങൾ കൊണ്ട് പഠിച്ചെടുത്താണ് സ്റ്റേജിൽ തിരുവാതിര അവതരിപ്പിച്ചത്. കൂട്ടായ്മയിലെ അംഗങ്ങളായ അനാമികാ ഷാജു, തുഷാര, ആര്യ രാജേഷ് എന്നിവരാണ് തിരുവാതിരയുടെ എല്ലാ കാര്യങ്ങളിലും നിർദേശം നൽകിയത്. തിരുവാതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ജനശ്രദ്ധ നേടിയതോടെ കലക്കാച്ചി തിരുവാതിര പുതുമകളോടെ മറ്റ് സ്റ്റേജുകളിലും അവതരിപ്പിക്കാനുള്ള ആലോചനയിലാണ് ഭാരവാഹികൾ.
ALSO READ: പെരിങ്ങമലയിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് പരിക്ക്