കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ കെ.പി സുനിലിന്‍റെ ചികിത്സയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്‌ചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട സുനിലിന് ഒരു ചികിത്സയും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യമന്ത്രിക്കും പട്ടിക ജാതി-പട്ടിക വർഗ കമ്മിഷൻ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫിസർക്കും ബന്ധുക്കൾ പരാതി നൽകി. അതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ജില്ലാ കലക്ടർ നിയോഗിച്ച മൂന്നംഗ സംഘം അന്വേഷണം ആരംഭിച്ചു.
മരണത്തിന് പിന്നാലെ സുനിലിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇത് ബന്ധുക്കളോട് സൂചിപ്പിക്കുന്ന സുനിലിന്‍റെ ശബ്‌ദ സന്ദേശവും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ പരിയാരം മെഡിക്കൽ കോളജ് അധികൃതര്‍ ആരോപണം നിഷേധിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ വിശദീകരണം.