കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കോഴ ആരോപണം സുരേന്ദ്രൻ നിഷേധിച്ചു. ആരോപണം ഉന്നയിച്ച സുന്ദരയെ അറിയില്ലെന്ന് സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞു. കാസർകോട് ഗസ്റ്റ്ഹൗസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.
More Read: കോഴ വിവാദം ; പുറത്തുവിട്ട ഫോൺ സംഭാഷണം കൃത്രിമമെന്ന് കെ. സുരേന്ദ്രൻ
ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്. കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്.
സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാഗ്‌ദാനം ചെയ്‌തു
മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്‍റെ പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വഗ്‌ദാനം ചെയ്‌തുവെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. മാർച്ച് 21ന് രാവിലെ സ്വർഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ സുന്ദരയെ നിർബന്ധിച്ച് കൂട്ടികൊണ്ടുപോകുകയും, പൈവളിഗെ ജോഡ്‌ക്കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തടങ്കലിൽ വെച്ച് പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പത്രിക പിൻവലിക്കാനായി ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും സുന്ദരയുടെ പരാതിയിൽ പറയുന്നു.
കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ സുന്ദര രഹസ്യമൊഴി നൽകിയിട്ടുണ്ട്. കേസിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്‍റുമാരായ കെ ബാലകൃഷ്‌ണ ഷെട്ടി, സുരേഷ്‌കുമാർ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, മുളരീധര യാദവ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്‌തിരുന്നു.