കണ്ണൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാകുന്നു. വികസന പദ്ധതികൾക്കായി 11.30 കോടി രൂപയാണ് നബാർഡിൽ നിന്നും അനുവദിച്ചത്. മലയോരമേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അത്യാഹിത വിഭാഗത്തോട് കൂടി താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.
ഇരിക്കൂറിന് പുറമെ സമീപ പഞ്ചായത്തുകളായ കൂടാളി, പടിയൂർ, മലപ്പട്ടം, ചെങ്ങളായി, ഏരുവശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ നിന്നും ശ്രീകണ്ഠപുരം, മട്ടന്നൂർ നഗരസഭകളിൽ നിന്നുമായി ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. വിദഗ്ധ ചികിത്സാരംഗത്തെ അപര്യാപ്തതയും രാത്രി കാലത്തെ ഡോക്ടർമാരുടെ അഭാവവും ശക്തമായതോടെയാണ് വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നത്. മാർഗനിർദ്ദേശങ്ങളുടെ ഫലമായി ഉണ്ടാക്കിയ 17 കോടിയുടെ മാസ്റ്റർ പ്ലാൻ കഴിഞ്ഞ മാർച്ചിൽ കെ.സി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ഭരണ സമിതിയംഗങ്ങൾ ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നബാർഡിൽ നിന്നും തുകയനുവദിച്ചത്.
മൂന്ന് നിലകളിലായി 55,000 ചതുരശ്ര അടിയിൽ പണിയുന്ന കെട്ടിട സമുച്ചയത്തിന്‍റെ ബേസ്മെന്‍റില്‍ വാഹന പാർക്കിങ്, കാന്‍റീൻ, വൈദ്യുതി റൂം എന്നിവയും താഴെ നിലയിൽ പരിശോധനാ മുറികളും സ്വീകരണം, കാത്തിരിപ്പു കേന്ദ്രം, ഫാർമസി, എക്സ് റേ, ലബോറട്ടറി, അൾട്രാസൗണ്ട് സ്കാനിങ്ങ്, അത്യാഹിത വിഭാഗം എന്നിവയും പണിയും. ഒന്നാം നിലയിൽ പുരുഷ- സ്ത്രീ വാർഡുകളും കുട്ടികളുടെ വാർഡ്, ഡയാലിസിസ് കേന്ദ്രം, എന്നിവയും രണ്ടാം നിലയിൽ രോഗികൾക്കുള്ള മുറികൾ, ജനറൽ വാർഡ്, ലേബർ വാർഡ്, ഡ്യൂട്ടി റൂം എന്നിവയും മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രസവ തിയേറ്റർ, തീവ്രപരിചരണ കേന്ദ്രം, ഐസിയു എന്നീ സംവിധാനങ്ങളുമാണ് തയ്യാറാക്കുക.