കണ്ണൂര്‍: ശക്തമായ മഴയില്‍ എരഞ്ഞോളി പുഴ, പൊന്യം പുഴ, ചാടാലി പുഴ എന്നിവ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തലശേരിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. മൂഴിക്കര,മാക്കുനി, പൊന്യം പാലം, കുണ്ടുചിറ, കണ്ടിക്കൽ, കീരങ്ങാട് പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പൊന്യം വെസ്റ്റ് എൽപി സ്‌കൂൾ, കുണ്ടുചിറ ബാബു സ്‌മാരകം എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ചാടാലി പുഴയോരത്ത് നിന്നുള്ള കുടുംബങ്ങളെ ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂളിലേക്കും സമീപത്തെ വീട്ടിലേക്കും മാറ്റി.
നൂറോളം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ ഉള്ളത്. താലൂക്കില്‍ പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കുട്ടി മാക്കൂൽ വയൽ പ്രദേശത്തുള്ള ഏതാനും കുടുംബങ്ങളെ വയലളം നോർത്ത് എൽ പി സ്‌കൂളിലേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കും മാറ്റി. കുട്ടി മാക്കൂൽ സ്നേഹക്കൂടിലെ വയോധികരായ 15 അന്തേവാസികളെ തലശേരി കീർത്തി ആശുപത്രിയിലേക്ക് മാറ്റി. എരഞ്ഞോളിപ്പാലത്തിന് സമീപം ക്വാര്‍ട്ടേഴ്‌സിൽ കുടുങ്ങിപ്പോയ 50 ഇതര സംസ്ഥന തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് തോണി, ബോട്ട് എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മാക്കുനി റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് കോപ്പാലം പാനൂർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.