കണ്ണൂര്‍: പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് വിശ്വാസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വയനാട് സ്വദേശി അറസ്‌റ്റില്‍. വയനാട് കമ്പളക്കാട് സ്വദേശി ചെമ്പൻ റസാഖാണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും ഒഴിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതിയെ വയനാട്ടില്‍ നിന്നാണ് പിടികൂടിയത്.
പള്ളികളും, അമ്പലങ്ങളും കേന്ദ്രീകരിച്ച് കടുത്ത വിശ്വാസികളായവരെ നിരീക്ഷിച്ചതിന് ശേഷമാണ് തട്ടിപ്പ്. ഇവിടങ്ങളിൽ നിന്നും പരിചയപ്പെട്ടവരെ തനിക്കൊരു നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. 2019നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്വപ്‌നത്തില്‍ ദൈവത്തിന്‍റെ ദര്‍ശനം കിട്ടിയെന്നും അങ്ങനെ കിട്ടിയ സ്വര്‍ണം നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കണമെന്നും പറഞ്ഞാണ് ഇയാള്‍ വിശ്വാസികളെ സമീപിക്കുന്നത്. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സ്വർണക്കട്ടി ഇവരുടെ മുന്നിൽവച്ച് ചെറുതായി മുറിക്കുകയും മുറിക്കുമ്പോൾ ലഭിക്കുന്ന തരികൾ സ്വർണമാണോ എന്ന് പരിശോധിക്കാൻ ജ്വല്ലറിയിലേക്ക് പോകാനുമാണ് പറയുക. ജ്വല്ലറിക്കാർ ഒറിജിനൽ സ്വർണമാണെന്ന് പറയുന്നതോടെ വിശ്വാസം ആർജ്ജിച്ച ശേഷം വിശ്വാസികള്‍ പണം നൽകി സ്വർണക്കട്ടി വാങ്ങും.
ഇത്തരത്തില്‍ 15 ലക്ഷം രൂപയാണ് ഇയാള്‍ കബളിപ്പിച്ചെടുത്തത്. ന്യൂ മാഹിയിലെ ആറ്റക്കോയ തങ്ങളും , പഴയങ്ങാടിയിലെ ഒരു ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമാണ് തട്ടിപ്പിനിരയായത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ വയനാട് സ്വദേശികളായ സുഹൈൽ, ബഷീർ എന്നിവരെ ന്യൂമാഹി പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊഴി പ്രകാരമാണ് മുഖ്യസൂത്രധാരനായ റസാഖിലേക്ക് അന്വേഷണം എത്തിയത്.