കണ്ണൂർ: പയ്യന്നൂരിൽ സൈന്യത്തിലേക്കോ പൊലീസിലേക്കോ പോകാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികളുണ്ടോ. എങ്കിൽ അതിരാവിലെ കാങ്കോൽ ശ്രീ ശിവ ക്ഷേത്ര മൈതാനിയിൽ എത്തിയാൽ മതി. കരുണാകരൻ മാസ്റ്റർ നിങ്ങൾക്കാവശ്യമായ കായിക പരിശീലനം നൽകും. അതും സൗജന്യമായി...
കഴിഞ്ഞ 10 വർഷത്തിലധികമായി വിവിധ വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ കായിക പരിശീലനം നൽകി വരികയാണ് കാങ്കോൽ കരിങ്കുഴി സ്വദേശിയായ എ കരുണാകരൻ മാസ്റ്റർ. പയ്യന്നൂരിൽ നിന്നും പരിസര പ്രദേശങ്ങളായ മാതമംഗലം, കുന്നരു, പെരിങ്ങോം, ഇളമ്പച്ചി, കാങ്കോൽ എന്നിവിടങ്ങളിൽ നിന്നും പരിശീലനത്തിനായി ഉദ്യോഗാർഥികൾ ഇവിടെയെത്താറുണ്ട്. നിലവിൽ എഴുപതോളം പേരാണ് കായിക പരിശീലനം തേടുന്നത്.
കരുണാകരൻ മാസ്റ്ററോടൊപ്പം സഹായികളായി അഖിൽ മാത്തിൽ, അമ്മു എന്നിവരും ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. ദേശീയ കായികമേളയിൽ 100, 200 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ അമ്മു ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ചെക്കർ ആയി ജോലി ചെയ്യവേ റെയിൽവേക്ക് വേണ്ടി 400 മീറ്ററിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്.
പെരളം സ്‌കൂളിൽ നിന്നും ഫിസിക്കൽ എജ്യൂക്കേഷൻ മാഷായി വിരമിച്ച കരുണാകരൻ മാസ്റ്റർ വെറ്ററന്‍റ് കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിന് രണ്ടാം സ്ഥാനവും ഹഡിൽസിന് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. കായിക അധ്യാപകനായിരിക്കെ 2008 ൽ സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും മികച്ച കായികക്ഷമത പരിശോധനയിൽ പെരളം സ്‌കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു.
അദ്ദേഹത്തിന്‍റെ കീഴിൽ കായികപരിശീലനം തേടി യൂണിഫോം സേനകളുടെ ഉന്നത പദവികളിൽ ഉദ്യോഗം നേടിയവരും നിരവധിയാണ്. ഇവർക്ക് പുറമേ ദേശീയ, സംസ്ഥാന കായിക താരങ്ങൾക്കും ഇദ്ദേഹത്തിന് ശിഷ്യഗണങ്ങളിൽ ഉണ്ട്. തന്‍റെ കഴിവുകൾ ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകി ആരോഗ്യപൂർണ്ണമായ ഒരു പുതു തലമുറയെ വളർത്തിയെടുക്കണം എന്നതാണ് കരുണാകരൻ മാസ്റ്ററുടെ ലക്ഷ്യം.