കണ്ണൂര്‍: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ കൊവിഡ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടേയും 500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കലക്ടര്‍ ഉത്തരവിട്ടു. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.
പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍ പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇവരല്ലാതെ ആരും സ്‌കൂള്‍ പരിസരത്ത് കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്‍റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ നടപടികളും ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഈ മാസം 30 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്.