കണ്ണൂര്‍: കൊവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ 26 പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്‌ക് പറഞ്ഞു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥീരികരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് ഉടൻ കലക്ടർക്ക് കൈമാറുമെന്നും ഡി.എം.ഒ പറഞ്ഞു. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അഞ്ചാം തിയതി രാത്രി 9.30 ഓടെയാണ് എസ്.ജി 54 സ്പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിൽ എത്തിയത്. ഇയാൾക്ക് വീട്ടിലേക്ക് വരാനായി നാട്ടിൽ നിന്നും എത്തിയ ടാക്സി കാറിൽ ഡ്രൈവർക്ക് പുറമെ ഭാര്യയും മകനും അമ്മാവനുമാണ് ഉണ്ടായിരുന്നത്.
10.30ഓടെ കൊണ്ടോട്ടിയിലെ മലബാർ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. പുലർച്ചയോടെ പെരിങ്ങോമിലെ വീട്ടിലെത്തി. വീട്ടിൽ ഇദ്ദേഹത്തിന്‍റെ അമ്മയാണുള്ളത്. അടുത്ത ദിവസം തന്നെ ഇയാൾ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ സർക്കാർ ആശുപത്രിയിലും പരിശോധനക്കെത്തി. ഇതോടെയാണ് മാർച്ച് ഏഴ് മുതൽ പത്താം തിയതി വരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇയാൾ ചികിത്സയിൽ കഴിഞ്ഞത്. ഏഴാം തിയതി പരിശോധനക്ക് അയച്ച സാമ്പിളിന്‍റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വരുന്നതിന് മുമ്പ് ഇയാളെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച വന്ന പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ഇതിനിടയിൽ ആരെല്ലാമായി സമ്പർക്കം പുലർത്തി എന്നതാണ് ആദ്യം പരിശോധിച്ചത്.
ഇതിന്‍റെ ഭാഗമായി വീട്ടുകാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം ദുബായിൽ നിന്ന് നാട്ടിലെത്തിയ ദിവസം ഇയാൾക്കൊപ്പം കാറിൽ യാത്രചെയ്ത അമ്മാവൻ ഉത്സവ പിരിവിനായി നാട്ടിൽ നിരവധിയിടങ്ങളിൽ പോയതിന്‍റെ വിവരം, മകൻ പഠിക്കുന്ന സ്കൂളിലെ ക്ലാസുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി സമ്പർക്ക വിവരങ്ങളുടെ പട്ടിക തയ്യാറായി കൊണ്ടിരിക്കുകയാണ്. ഡി.എം.ഒയുടെ നിർദേശ പ്രകാരം എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിച്ച് വരുന്നത്.
അതിനിടെ രോഗ സംശയ നിവാരണത്തിനും ചുമ, പനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ടവരുമായ നിരവധി പേരാണ് സർക്കാർ ആശുപത്രികളിലേക്ക് പരിശോധനക്കായി എത്തുന്നത്. നിലവിൽ പതിനഞ്ച് പേര്‍ പരിയാരം മെഡിക്കല്‍ കോളജിലും ആറു പേർ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാൾ തലശേരി സഹകരണ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.