കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തിയ അദാലത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. വ്യാഴാഴ്ച രാവിലെ മുതൽ നടന്ന അദാലത്തിൽ ആയിക്കണക്കിന് ജനങ്ങളാണ് കൊവിഡ് മാനദണ്ഡം പോലും കണക്കിലെടുക്കാതെ എത്തിച്ചേർന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് നിരന്തരം ശ്രമിച്ചെങ്കിലും പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.
കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് നിർദേശം നൽകിയ ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായതിൽ പൊലീസ് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നടന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളടക്കം 400 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പിണറായി വിജയൻ കയ്യാളുന്ന ആഭ്യന്തര വകുപ്പിന്‍റെ നിർദേശപ്രകാരം കോൺഗ്രസുകാര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ പറഞ്ഞു. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്കെതിരെയും കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ കേസെടുക്കണമെന്നും ടി. ജനാർദ്ദനൻ ആവശ്യപ്പെട്ടു.