കണ്ണൂർ: ജില്ലയിലെ പ്രധാന കെഎസ്‌ആര്‍ടിസി ഡിപ്പോകളിലൊന്നായ പയ്യന്നൂരില്‍ അവശ്യ സര്‍വീസുകളുടെ എണ്ണം കുറച്ചതായി പരാതി. ഡിപ്പോ കേന്ദ്രീകരിച്ച് എഴുപതിലധികം ഷെഡ്യൂൾ ഉണ്ടായിരുന്നിടത്ത് ചില ദിവസങ്ങളില്‍ മുപ്പത് ഷെഡ്യൂള്‍ മാത്രമാണ് നടത്തുന്നത്. ലാഭകരമല്ലാത്ത സർവീസുകൾ വെട്ടി ചുരുക്കിയതോടെ ഡിപ്പോയിലെ ബസുകളിൽ പലതും കട്ടപ്പുറത്താണ്.
ചെറിയ അറ്റകുറ്റപ്പണികളുടെ പേരിൽ പല ബസുകളും സർവീസ് നടത്താതെ ഷെഡില്‍ കയറ്റി ഇടുന്നതും പതിവായിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ ഒഴിവിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പയ്യന്നൂർ ഡിപ്പോയില്‍ അവശ്യ സർവീസുകൾ ഉടന്‍ പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.