കണ്ണൂര്‍: തലശേരി പൊന്ന്യം യു.പി.സ്കൂളിൽ നിന്നും വിരമിച്ച സൌത്ത് നരവൂരിലെ കല്ലി അശോകൻ മാസ്റ്റർക്ക് വേണമെങ്കിൽ പെൻഷനും വാങ്ങി സ്വന്തം കുടു:ബത്തെയും പരിപാലിച്ച് വീട്ടിൽ ഒതുങ്ങിക്കൂടാമായിരുന്നു. എന്നാൽ അതല്ല താൻ പഠിച്ചതും കുട്ടികളെ പഠിപ്പിച്ചതുമെന്ന് വിശ്രമമില്ലാത്ത സ്വന്തം പ്രവൃത്തികളിലൂടെ ഇദ്ദേഹം തെളിയിക്കുകയാണിപ്പോഴും. അധികമാരും എത്തിപ്പെടാത്ത ആദിവാസി ഊരുകളിൽ ചെന്ന് അവിടത്തെ കുട്ടികളെ പഠിപ്പിച്ചും കളിപ്പിച്ചും അവർക്ക് സമ്മാനങ്ങൾ നൽകിയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കയറ്റുകയാണിദ്ദേഹം.
അവികസിതമായി തുടരുന്ന ചില ആദിവാസി കോളനികൾ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിപ്പെട്ട് അന്ധവിശ്വാസങ്ങളിൽ മുങ്ങി നിൽക്കുന്നതാണ് അശോകൻ മാഷെ അവിടേക്കെത്തിച്ചത്. സ്കൂളിൽ വരാൻ മടിക്കുന്ന കുട്ടികൾ ഈ മാതൃകാദ്ധ്യാപകനെ ഏറെ വേദനിപ്പിച്ചിരുന്നു. കുട്ടികളുടെ വികല ചിന്തകളെയും പ്രവൃത്തികളെയും തിരുത്തിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ ആദ്യഘട്ടം ഐ.ആർ.പി.സി.യുടെ സഹകരണത്തോടെ ഊരു കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ- കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അവരുടെ നിർധന കുടിലുകളിൽ ഭക്ഷണ-വസ്ത്ര ക്കിറ്റുകൾ നൽകി, മഴക്കാലത്ത് കുടകളും ഓണം പോലുള്ള വിശേഷ അവസരങ്ങളിൽ പുത്തൻ ഉടുപ്പുകൾ എത്തിച്ചു നൽകി.
ഇതിനായുള്ള സാമ്പത്തിക സഹായം നാട്ടിലെ ഉദാരമതികളായ പരിചയക്കാരും വായനശാല പോലുള്ള സ്ഥാപനങ്ങളും നൽകി. നിസ്വാർത്ഥരായ ഇത്തരം വ്യക്തികളെ സമൂഹം ആദരിക്കുകയും സഹായിക്കുകയും ചെയ്താൽ അതാവും ശോഭനമായ ഭാവിയിലേക്കുള്ള കാൽവയ്പ്. ഭാര്യയും റിട്ട. അധ്യാപികയുമായ റീത്തയും മക്കളായ ശ്രീയുക്ത, സ്വമേധ, ശ്രേയസ്, എന്നിവരും ഇരുട്ടിൽ വഴിവിളക്കാവുന്ന അശോകൻ മാസ്റ്റരുടെ വേറിട്ട സാമൂഹ്യ സേവന വഴിയിൽ ഊർജം പകരുന്നുണ്ട്.